തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തു നിന്നും രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

Read More: കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം; കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

അതേസമയം സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട പരിശോധനകള്‍ വ്യാപകമാക്കാനും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജില്ലാ കളക്ടര്‍മാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമൂഹിക വ്യാപനം തടയുക, ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്തുക എന്നിവയാണ് മുഖ്യ ലക്ഷ്യമെന്നും പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ റിവേഴ്‌സ് ക്വാറന്റീന്‍ ഉറപ്പാക്കുവാനായി പ്രത്യേക ശുചിമുറികളുള്ള താമസ സൗകര്യം കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഹോട്ട്‌സ്‌പോട്ട്, റെഡ്‌സോണ്‍ മേഖലകളില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും തമിഴ്‌നാട്, കര്‍ണാടക അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ആരും ചെറുവഴികളിലൂടെയും കാടിനുള്ളിലൂടെയും കേരളത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.