തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 68 പേര്‍ ആശുപത്രികളിലും 645 പേര്‍ വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന 6 പേരെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. 38 സാമ്പിളുകളാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. രോഗബാധിതരായ പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത 32 പേര്‍ തൃശൂര്‍ ജില്ലയിലുളളവരാണെന്ന് ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചു. ഇതില്‍ 18 പേരെയാണ് ഇതിനകം കണ്ടെത്തിയത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. ഇതിനു പുറമേ സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കി വരുന്നുണ്ട്.

Read Also: കോവിഡ് 19: നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനം

കേരളത്തിലെ മൂന്ന് ജില്ലകളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ദ്രുതകര്‍മ്മസേന രൂപീകരിച്ചു.

ഇതുവരെ സംസ്ഥാനത്ത് കൊറോണ 12 പേര്‍ക്കാണ് ബാധിച്ചിട്ടുള്ളത്. ഇന്ന് ആറു പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1,116 പേര്‍ നിരീക്ഷണത്തിലാണ്. 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുളള ആശുപത്രികളില്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുളള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രികരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു വരുന്നു. കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ നേരിട്ട് തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ആശ്വാസ്യമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Read Also: കൊറോണ രോഗികളില്‍ എച്ച്ഐവി മരുന്ന് പ്രയോഗിച്ച് ഇന്ത്യ

നേരിട്ട് പോകുന്നതിനു പകരം തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോക്കോ, ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലിലേക്കോ ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കും ഈ നമ്പറുകളില്‍ തന്നെ വിളിക്കാവുന്നതാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.