തിരുവനന്തപുരം: കോവിഡ് 19 ഭീതിയിൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കൂട്ടത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും കാമറിനോ സർവകലാശാലയിലെ ഗവേഷകയുമായ ഷഫക് ഖാസിമും. കോവിഡ് ബാധയെത്തുടർന്ന് പ്രവാസികൾ പ്രശ്നങ്ങൾ നേരിടുന്നതിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് എംഎൽഎയുടെ ഭാര്യ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നത് ചർച്ചയായത്.

പൂഞ്ഞാർ എംഎൽഎ പി.സി ജോർജാണ് സഭയിൽ ഇക്കാര്യം അവതരിപ്പിച്ചത്. മുഹ്സിന്റെ വേദന കേട്ടു താന്‍ മടുത്തു, ഇപ്പോള്‍ വീഡിയോ കോളിലൂടെ മാത്രമാണ് മുഹ്‌സിന്‍ ഭാര്യയുമായി സംസാരിക്കുന്നത്. വിമാനത്താവളത്തില്‍ കുടുങ്ങിയ മറ്റു പലരും ഇറ്റലിയില്‍ നിന്ന് വിളിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അല്പം കൂടി മനുഷ്യത്വം കാണിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.

Read More: Covid-19 Live Updates: കണ്ണൂരിൽ കോവിഡ് 19: രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

“അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. എയർ ഇന്ത്യ, അലി‌റ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.” മുഹ്‌സിൻ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങനെയെങ്കിലും നാട്ടിലെത്താൻ‌ കഴിഞ്ഞാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി. ഉത്തര്‍ പ്രദേശ് ബാല്‍റാംപൂര്‍ സ്വദേശിനി ഷഫക് കാസിം ആണ് മുഹ്‌സിന്‍രെ ഭാര്യ. ജാമിയ മിലിയ സര്‍വകലാശാലയില്‍ ഫിസിക്സില്‍ എംഎസ്‌സി നേടിയ ഷഫക്ക് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ റിസര്‍ച്ച് ഫെല്ലോ ആയി ജോലി ചെയ്യുകയായിരുന്നു. ഉപരിപഠനാര്‍ത്ഥമാണ് ഷഫക് യൂറോപ്പിലേക്ക് പോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook