തൃശൂര്‍: സംസ്ഥാനത്ത് കൊറോണ ബാധയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു സമൂഹത്തിന്റെ സുരക്ഷയെ കരുതി ഗുരുവായൂര്‍ ഉത്സവം നാമമാത്രമാക്കി ചുരുക്കി. നാട്ടില്‍ കോവിഡ്-19 വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെ. ബി മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയ സാഹചര്യത്തിലാണ് ദേവസ്വം തീരുമാനം എടുത്തത്.

പത്തു ദിവസത്തെ ഉത്സവം അഞ്ചാം ദിവസം പിന്നിടുന്ന ചൊവ്വാഴ്ച കൂടി മാത്രമേ കലാപരിപാടികള്‍, പ്രസാദഊട്ട്, പകര്‍ച്ച എന്നിവ ഉണ്ടാകൂ. മാര്‍ച്ച് 11 മുതല്‍ ഇവയെല്ലാം റദ്ദാക്കി. ക്ഷേത്രത്തിനകത്തെ ആചാരങ്ങളും ചടങ്ങുകളും പേരിന് മാത്രം നടത്തും. ക്ഷേത്ര തന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.

ക്ഷേത്ര ദര്‍ശനത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. ഉത്സവത്തിന് പുറമെ പതിവ് ചടങ്ങുകളായ വിവാഹം, ചോറൂണ് പോലുള്ളവ അധികം ബന്ധുക്കളെ കൊണ്ട് വരാതെ ചുരുക്കി നടത്താന്‍ ശ്രദ്ധിക്കണമെന്ന് ദേവസ്വം നിര്‍ദേശിച്ചു. അസുഖം ബാധിച്ചവരെ പ്രഥമ ദൃഷ്ടിയില്‍ മനസിലാകാത്തതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഭക്തര്‍ കഴിവതും മുന്‍കൈയ്യെടുക്കണം. ക്ഷേത്രത്തില്‍ വിവിധ ഇടങ്ങളിലായി സോപ്പ്, ലായനികള്‍ തുടങ്ങിയ ശുചീകരണ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയി; 1495 പേർ നിരീക്ഷണത്തിൽ

ഗുരുവായൂരിലെ ടൂറിസം കേന്ദ്രമായ പുന്നത്തൂര്‍ ആനക്കോട്ട മാര്‍ച്ച് 31 വരെ അടച്ചിടും. ദേവസ്വം വാദ്യ വിദ്യാലയം, കലാനിലയം സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കി. കൂടാതെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാസ്‌ക്ക് നല്‍കും. ക്യൂ കോംപ്ലസില്‍ പരിശോധനയ്ക്ക് സെക്യൂരിറ്റി, ഡോക്ടര്‍ എന്നിവരെ ഏര്‍പ്പാടാക്കി. അടിയന്തര നടപടികള്‍ക്ക് ദേവസ്വം ആശുപത്രിയില്‍ ഐസോലാഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.

ആറാട്ട്, പള്ളിവേട്ട, പറവെയ്പ്പ് എന്നീ ചടങ്ങുകള്‍ ദേവസ്വം പന്തി മാത്രമായി നടത്തും. പഞ്ചവാദ്യം, മേളം എന്നിവ പുറത്തേക്ക് പോകില്ല. യാതൊരു വിധത്തിലും ഭക്തരെ നിരോധിക്കുകയില്ലെങ്കിലും സമൂഹത്തിന്റെ നന്മയ്ക്കൊപ്പം നില്‍ക്കാന്‍ ഏവരും ബാധ്യസ്ഥരാണെന്നും ആനകളുടെ അകമ്പടിയോടെയുള്ള ഉത്സവ ചടങ്ങുകളില്‍ ആനകളുടെ എണ്ണം കുറയ്ക്കാനും ദേവസ്വം തീരുമാനിച്ചതായി അറിയിച്ചു.

പ്രസാദ ഊട്ട്, പകര്‍ച്ച എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചു. ബുധനാഴ്ച പ്രസാദമൂട്ടിനായി അരിഞ്ഞു വെച്ച പച്ചക്കറികള്‍ പ്രദേശത്തെ ജനങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും ആവശ്യാനുസരണം കൊണ്ട് പോകാനുള്ള സൗകര്യം ചെയ്യും. ബാക്കിയുള്ളവ ക്ഷേത്രം ആനകള്‍ക്ക് ഭക്ഷണമായി നല്‍കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.