തിരുവനന്തപുരം: കോവിഡ് 19 ഭീതിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ഇന്ത്യന്‍ സംഘത്തെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മാര്‍ച്ച് മാസം അഞ്ചാം തിയതി സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചാലേ ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി.

ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരണമെങ്കില്‍ കോവിഡ് 19 വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ഈ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതുകാരണമാണ് ഇറ്റലിയില്‍ മലയാളികളടക്കമുള്ളവര്‍ കുടുങ്ങികിടക്കുന്നത്. അതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇറ്റലിയില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് നാട്ടിലെത്താന്‍ വേണ്ട സഹായം ചെയ്യണമെന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ തിരിച്ചെത്തിച്ചാല്‍ വിമാനത്താവളത്തില്‍ തന്നെ പരിശോധനകള്‍ നടത്തി ചികിത്സിക്കാനുള്ള സംവിധാനം രാജ്യത്തുണ്ടെന്നും പിണറായി ചൂണ്ടികാട്ടി.

Covid 19, corona virus, cm letter

മുഖ്യമന്ത്രിയുടെ കത്തിന്റെ പൂർണരൂപം:

ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന നിർദ്ദേശം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ടെസ്റ്റ്‌ റിപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിരവധി മലയാളികൾ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നതായി അറിയാൻ കഴിഞ്ഞു. യാത്രക്കാർക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതർ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതു നിമിത്തം ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഒട്ടനവധി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.

രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്.

ഈ സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.