scorecardresearch
Latest News

Covid 19: പത്തനംതിട്ടയില്‍ ഹൈ റിസ്‌ക് പട്ടികയില്‍ 58 പേര്‍; ഐസോലേഷന്‍ വാര്‍ഡില്‍ എട്ടുപേര്‍

നിരീക്ഷണ പട്ടികയിലെ 364 പേരെ കണ്ടെത്തി

Covid 19: പത്തനംതിട്ടയില്‍ ഹൈ റിസ്‌ക് പട്ടികയില്‍ 58 പേര്‍; ഐസോലേഷന്‍ വാര്‍ഡില്‍ എട്ടുപേര്‍

റാന്നി: പത്തനംതിട്ടയില്‍ കൊറോണ ബാധിച്ച കുടുംബത്തിലെ പ്രായമായ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ നേരത്തെ ജില്ലയിലെ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡിലായിരുന്നു. പ്രായമായവര്‍ക്ക് കൊറോണ കാര്യമായി ബാധിക്കാന്‍ ഇടയുള്ളത് കണക്കിലെടുത്താണു നടപടി.

എട്ട് പേര്‍ ഇപ്പോള്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നതായി ജില്ല കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.

കൊറോണ ബാധിതരുമായി അടുത്ത് ഇടപെട്ട മുഴുവന്‍ ആളുകളേയും കണ്ടെത്താനുള്ള ശ്രമം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്.  ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

Read Also: ദോഹയിലേക്ക് പോയ മലയാളികളെ ബഹ്‌റെെനിൽ ഇറക്കി; സർവീസുകൾ നിർത്തി ഇൻഡിഗോ

രോഗം സ്ഥിരീകരിച്ച മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവന്‍ സ്ഥലങ്ങളിലേയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ ഇവര്‍ ജില്ലയില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്.

ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട 150 പേരില്‍ 58 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ മെഡിക്കല്‍ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് നിലവില്‍ സംശയിക്കത്ത ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എല്ലാവരും വീടുകളില്‍ തന്നെയാണു കഴിയുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതായിരിക്കും.

Read Also: പാലാരിവട്ടം മേൽപ്പാല അഴിമതി: ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതി

കോവിഡ് 19 രോഗം നിലവിലെ സ്ഥിതിയില്‍ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്നനിലയില്‍ റാന്നിയിലും പന്തളത്തും ഓരോ ആശുപത്രികളില്‍കൂടി ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് പരിശോധന നടത്തും. നിര്‍മ്മാണത്തിലിരിക്കുന്ന റാന്നി അയ്യപ്പ ആശുപത്രിയിലും പന്തളം അര്‍ച്ചന ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് ആലോചിക്കുന്നത്.

രോഗ ലക്ഷണമുള്ളവര്‍ യഥാസമയം ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണം. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം. മുന്‍കരുതലായി ധരിക്കുന്ന മാസ്‌ക്കിന്റെ ദൗര്‍ലഭ്യം നീക്കാന്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്തില്‍ കൊറോണ പ്രോട്ടോകോള്‍

എറണാകുളം ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച  സാഹചര്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രോട്ടോകോൾ പ്രഖ്യാപിച്ചു .ഇന്ന് കൂടിയ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വന്ന  നിർദേശപ്രകാരമാണ്  എല്ലാ മെമ്പർമാർക്കും  ജീവനക്കാർക്കും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മുൻകരുതലിനായി മാസ്ക് , ഹാൻഡ് സാനിറ്റൈസർ , ഗ്ലോവ്സ് എന്നിവ വിതരണം ചെയ്യാനും അഡ്വ : ബി. എ അബ്ദുൽ മുത്തലിബ് അധ്യക്ഷനായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി   തീരുമാനിച്ചത്.

സംസ്ഥാനത്തിന്റെ പല  ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ വിവിധ  ആവശ്യങ്ങൾക്കായി എത്തുന്ന ജില്ലാ പഞ്ചായത്തിൽ കൊറോണ ഭീഷണി ഒഴിയുന്നതു വരെ വിട്ടുവീഴ്ചകൾ ഇല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബി .എ അബ്ദുൽ മുത്തലിബ് പറഞ്ഞു . എടത്തല ഡിവിഷൻ മെമ്പർ അസലഫ് പാറേക്കാടനാണ് ജില്ലാ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്ന നിർദ്ദേശം വച്ചത് .

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 corona high risk list pathanamthitta