scorecardresearch
Latest News

Covid-19: തൃശൂരില്‍ നിന്നും മുങ്ങിയ കാര്‍ഷിക സര്‍വകലാശാല ജീവനക്കാരനെ കൊല്ലം കളക്ടര്‍ പിടികൂടി

Covid-19: ഉത്തരേന്ത്യ സന്ദര്‍ശിച്ച ശേഷം പനി ബാധിച്ച് വെള്ളാനിക്കരയിലെ സര്‍വ്വകലാശാലയില്‍ എത്തിയ ജീവനക്കാരൻ നാട്ടിലേക്ക് പോകും വഴി കൊല്ലം ജില്ലാ കളക്ടര്‍ ട്രെയിനില്‍ നിന്ന് ഇറക്കിയാണ് ക്വാറന്റൈനിലാക്കിയത്

Covid-19: തൃശൂരില്‍ നിന്നും മുങ്ങിയ കാര്‍ഷിക സര്‍വകലാശാല ജീവനക്കാരനെ കൊല്ലം കളക്ടര്‍ പിടികൂടി

Covid-19: തൃശൂര്‍: ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലംഘിച്ച് നാട്ടിലേക്ക് പോയ പനി ബാധിതനായ കാര്‍ഷിക സര്‍വകലാശാല ജീവനക്കാരനെ കൊല്ലത്ത് പിടികൂടി ക്വാറന്റൈനിലാക്കി. ഉത്തരേന്ത്യ സന്ദര്‍ശിച്ച ശേഷം പനി ബാധിച്ച് വെള്ളാനിക്കരയിലെ സര്‍വ്വകലാശാലയില്‍ എത്തിയ ജീവനക്കാരൻ നാട്ടിലേക്ക് പോകും വഴി കൊല്ലം ജില്ലാ കളക്ടര്‍ ട്രെയിനില്‍ നിന്ന് ഇറക്കിയാണ് ക്വാറന്റൈനിലാക്കിയത്.

നിരീക്ഷണത്തില്‍ കഴിയാന്‍ ഇയാള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ഷാനവാസിന്റെ സന്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരനെ കൊല്ലം ജില്ലാ കളക്ടര്‍ ട്രെയിനില്‍ നിന്ന് ഇറക്കുകയായിരുന്നു.

Read Here: Covid 19 Live Updates: സംസ്ഥാനത്ത് കാൽലക്ഷത്തോളം ആളുകൾ നിരീക്ഷണത്തിൽ

Covid-19 തൃശ്ശൂര്‍ ജില്ലയിലെ സജ്ജീകാരണങ്ങള്‍ ഇങ്ങനെ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളത് 3088 പേരാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3053 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. പത്ത് പേരെ ബുധനാഴ്ച പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ബുധനാഴ്ച 20 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

ഇതു വരെ 336 സാമ്പിളുകളാണ് ആകെ അയച്ചത്. ഇതില്‍ 308 എണ്ണത്തിന്റെയും ഫലം ലഭിച്ചു. ബുധനാഴ്ച (മാര്‍ച്ച് 18) ലഭിച്ച 28 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച ഏഴ് സാമ്പിളുകളും ആലപ്പുഴയില്‍ പരിശോധിച്ച 21 സാമ്പിളുകളും നെഗറ്റീവാണ്.

Covid-19: വരുന്ന രണ്ടാഴ്ച ശ്രദ്ധയും ജാഗ്രതയും വേണം

വരുന്ന രണ്ടാഴ്ച കോവിഡിന്റെ സമൂഹവ്യാപനത്തിന് സാധ്യതയുളളതിനാല്‍ വളരെയധികം ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ശക്തമായ സാമൂഹ്യനിയന്ത്രണം പുലര്‍ത്തണം. ഈ സാഹചര്യത്തില്‍ ജുമാമസ്ജിദുകളിലെ വെളളിയാഴ്ച നമസ്‌ക്കാരവും ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ത്ഥനയും അടുത്ത രണ്ടാഴ്ചത്തേക്ക് കഴിയുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കി ആരാധനകള്‍ ചടങ്ങ് മാത്രമായി നടത്താനാണ് അഭ്യര്‍ത്ഥന. ഇക്കാര്യത്തില്‍ വിവിധ മത-സാമുദായിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിന് വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

Read Here: Covid 19: ഈ 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

Covid-19: കുറഞ്ഞ വിലയില്‍ സാനിറ്റൈസര്‍

കേന്ദ്ര സര്‍ക്കാര്‍ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കിയതായി കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പരമാവധി സാനിറ്റൈസര്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്താനാണ് ശ്രമം. ഇത് ഉല്‍പാദിപ്പിക്കുന്നതിന് ലൈസന്‍സുളള സ്ഥാപനങ്ങളില്‍ നിന്ന് വില നിശ്ചയിച്ച് വിതരണക്കാര്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതോടെ കുറഞ്ഞ വിലയില്‍ സാനിറ്റൈസര്‍ ലഭ്യമാവും. തുണി കൊണ്ട് മാസ്‌ക് നിര്‍മ്മിക്കുന്നതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ധാരാളം തുണികള്‍ സംഭാവനയായി ലഭിക്കുന്നുണ്ട്.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1465 വാര്‍ഡുകളിലും വാര്‍ഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ നടക്കാനിരിക്കുന്ന പൊതുയോഗം, ആഘോഷം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Covid-19 കൗണ്‍സിലിങ്

ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് ബുധനാഴ്ച 553 പേര്‍ വിളിച്ചു. 984 പേര്‍ക്ക് കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നടത്തി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് ക്യാമ്പുകളും ഹെല്‍പ്പ് ഡസ്‌ക്കുകളും ആരംഭിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍ ആശുപത്രികളിലും ചാലക്കുടി, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കിഴക്കേ നട എന്നിവിടങ്ങളിലുമാണ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്.

ജില്ലയിലെ ജയിലുകളിലും പരിശോധന നടത്തി. വിവിധ സ്‌ക്രീനിംഗ് ക്യാമ്പുകളിലായി 86 ആരോഗ്യപ്രവര്‍ത്തകരെ വിന്യസിച്ചു. 4760 പേര്‍ ക്യാമ്പുകളില്‍ രജിസ്ട്രര്‍ ചെയ്തു. 75 ഫോണ്‍ കോളുകള്‍ സ്വീകരിച്ചു. വീടുകളില്‍ 176 പേരെയും ആശുപത്രികളില്‍ 4 പേരെയും നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ വഴി നിര്‍ദ്ദേശിച്ചു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുളള സൗകര്യങ്ങളോടെ തൃശൂര്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വളണ്ടിയര്‍മാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന സംഘം സഹായമെത്തിക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിന്റെ സഹായത്തോടെ തുടര്‍നടപടി സ്വീകരിക്കും.

Read Here: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 corona agriculture university staff quarantine