തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഉറവിടം അറിയാത്തവരുടെ സമ്പര്‍ക്കം നഗരം മുഴുവനെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്.

Read More: ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജ് അടച്ചിടേണ്ട സാഹചര്യമില്ല

ഇന്നലെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 222 പേരില്‍ 203 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ പലരുടേയും രോഗ ഉറവിടം അറിയാത്തതും ആശങ്ക ഉയര്‍ത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായ ജില്ലയും തിരുവനന്തപുരമായി. 25 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 18 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഴ് ഡോക്‌ടർമാർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 150 ലേറെ ജീവനക്കാർ ഇതിനോടകം കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. നാൽപ്പത് ഡോക്‌ടർമാർ ക്വാറന്റെെനിലാണ്.

ആശുപത്രിയിലെ സേവനങ്ങൾ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം. സ്ഥിതി അതീവ ഗുരുതരമാണ് എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കുണ്ട്. അനാവശ്യമായി രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. ഒരാഴ്ചയ്ക്കിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 18 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, മെഡിക്കൽ കോളജ് ആശുപത്രി നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഇല്ലെന്ന് മന്ത്രി പറഞ്ഞു.

സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ ശനിയാഴ്ച മുതലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിൽ വന്നത്. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല.

ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും, എന്നാൽ ഈ പ്രദേശങ്ങളിൽ വാഹനം നിർത്താനാേ ആളുകൾ പുറത്തിറങ്ങാനോ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.