തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഓടുമ്പോള്‍ അതിനെ കാലുവച്ച് വീഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ്-19 മഹാമാരിയുടെ ഗൗരവം ഇപ്പോഴും പ്രതിപക്ഷം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം മിണ്ടാതെയിരുന്നാല്‍ മതിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Read Also: തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ; അതീവ ജാഗ്രതയിൽ തലസ്ഥാനം
അടുത്തിടെ, മന്ത്രിയെ നിപ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് എത്തുകയും ചെയ്തിരുന്നു.
“കോവിഡ്-19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനവധി കാര്യങ്ങള്‍ ചെയ്തിട്ടും ചെറിയ വീഴ്ച വന്നാല്‍ പ്രതിപക്ഷ നേതാവും കൂട്ടരും അതിനെ പര്‍വതീകരിച്ച് വിമര്‍ശനവുമായി എത്തും. അത് സങ്കടകരമായ കാര്യമാണ്. മിക്കതും അതത് സ്ഥലത്തുതന്നെ പെട്ടെന്ന് പരിഹിക്കാവുന്ന കാര്യങ്ങളാകും. ഒരു ഫോൺ വിളിയില്‍ തീരുന്ന വിഷയമായിരിക്കും പലതും,” പക്ഷേ, എന്തോ ശത്രുപക്ഷത്തെന്ന പോലെയാണ് അവരുടെ രീതികള്‍ അനുഭവപ്പെടാറുള്ളതെന്നും മന്ത്രി പറഞ്ഞു.