എറണാകുളം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കോവിഡ്-19 പരിശോധന നടത്തുന്നതിനുള്ള രാജ്യത്തെ ആദ്യ സംവിധാനം കേരളത്തില്‍ ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ((എന്‍ എച്ച് എം) കീഴില്‍ ബൊന്ധു ക്ലിനിക്ക് എന്ന പേരില്‍ മാര്‍ച്ച് 28-ന് എറണാകുളം ജില്ലയിലാണ് മൊബൈല്‍ സ്ക്രീനിങ് ക്ലിനിക്ക് ആരംഭിച്ചത്. ബംഗാളിയില്‍ ബൊന്ധു എന്നാല്‍ മിത്രം എന്നാണ് അര്‍ത്ഥം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലൂഷന്‍ ഡെവലപ്മെന്റ് (സി എം ഐ ഡി) എന്ന സ്ഥാപനവും എന്‍ എച്ച് എമ്മുമായി സഹകരിക്കുന്നുണ്ട്.
ഏപ്രില്‍ മാസം അവസാനത്തോടു കൂടി അന്യസംസ്ഥാന തൊഴിലാളികളുടെ ചികിത്സയ്ക്കായി ആരംഭിക്കാന്‍ ഇരുന്ന ക്ലിനിക്കാണ് കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഒരു മാസം മുന്നേ ആരംഭിച്ചത്. എറണാകുളത്ത് പൈലറ്റ് പ്രോജക്ടായിട്ടാണ് ഇത് ആരംഭിച്ചത്.
ഇതുവരെ വെങ്ങോല, പെരുമ്പാവൂര്‍, അങ്കമാലി, വാഴക്കുളം, നെട്ടൂര്‍ എന്നിവിടങ്ങളിലായി 1300 ഓളം തൊഴിലാളികളെ സ്ക്രീന്‍ ചെയ്തു. ആര്‍ക്കും കോവിഡ് കണ്ടെത്തിയില്ല. ഒന്ന് രണ്ട് പേര്‍ക്ക് പനിയുണ്ട്. അവരെ നിരീക്ഷിക്കും. ഇപ്പോള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ടീമില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു നഴ്സ്, രണ്ട് ജെഎച്ച് ഐ, കോഡിനേറ്റര്‍, ഡ്രൈവര്‍ എന്നിവരാണുള്ളത്.
Read Also: കൊറോണ ഹോട്ട്സ്പോട്ടുകളില്‍ ദ്രുതഗതിയിലുള്ള ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശം
കോവിഡ്-19 കാലം കഴിഞ്ഞാല്‍ ഈ ക്ലിനിക്ക് രാവിലെ ആറ് മണി മുതല്‍ 10 മണിവരെയും വൈകുന്നേരം ആറ് മണി മുതല്‍ 10 മണിവരെയും അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് എന്‍ എച്ച് എമ്മിലെ ഡോക്ടര്‍ അഖില്‍ സേവ്യര്‍ മാനുവല്‍ പറഞ്ഞു.
ഇപ്പോള്‍ മറ്റുസമയങ്ങളിലും തൊഴിലാളികളെ കോവിഡ്-19-ന്റെ സ്ക്രീനിങ് നടത്തുകയും മറ്റു രോഗങ്ങളുണ്ടെങ്കില്‍ അതിനും മരുന്ന് നല്‍കുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയും ഭക്ഷണവും ലഭ്യമാണെങ്കിലും ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്,” സി എം ഐ ഡിയിലെ ബിനോയ് പീറ്റര്‍ പറഞ്ഞു. “സ്ഥലം, ഭാഷ, സമയം ഈ മൂന്ന് ഘടകങ്ങള്‍ കൊണ്ട് അവര്‍ക്ക ആശുപത്രികളില്‍ എത്തിപ്പെടാന്‍ സാധിക്കാറില്ല. തൊഴിലാളികള്‍ ജോലിക്ക് പോകേണ്ട സമയത്താണ് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതും ഇവരുടെ താമസസ്ഥലത്തു നിന്നും ദൂരെയുള്ള നഗരത്തിലെ ഏതെങ്കിലും ഭാഗത്തായിരിക്കും. ആശുപത്രി പോകണമെങ്കില്‍ അവരുടെ ആ ദിവസത്തെ ജോലി മാറ്റിവച്ചിട്ടേ പോകാന്‍ കഴിയത്തുള്ളൂ. അവിടെ ചെല്ലുമ്പോള്‍ ഭാഷയുടെ പ്രശ്നങ്ങള്‍ ഉണ്ടാകും. ഇവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്നില്ല.”
Read Also: ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രില്‍ 6 മുതല്‍; ആദ്യം അന്ത്യോദയ കാര്‍ഡുകാര്‍ക്ക്
അതിനാല്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത് വൈകുന്നേരം മെഡിക്കല്‍ സ്റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങുകയാണ് ചെയ്യുന്നത്. അപ്പോള്‍ ചുമയാണെങ്കില്‍ അതിനുള്ള മരുന്നേ ലഭിക്കുകയുള്ളൂ. ചിലപ്പോള്‍ ടിബി കൊണ്ടാകാം ചുമയ്ക്കുന്നത്. ടിബിക്കുള്ള മരുന്ന് ലഭിക്കില്ല. അതിനാല്‍ ടിബി ഭേദമാകുകയുമില്ല. രോഗം തിരിച്ചറിയുകയുമില്ല.
ബൊന്ധു മൊബൈല്‍ ക്ലിനിക്ക് ഈ മൂന്ന് പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യുന്നു. ഈ ക്ലിനിക്കിലൂടെ അന്യസംസ്ഥാന തൊഴിലാളികളുടെ സമയത്തിനും സ്ഥലത്തും അവരുടെ ഭാഷ മനസ്സിലാകുന്നവരുള്ള ഒരു ആശുപത്രി അവരെ ചികിത്സിക്കാനായി എത്തുന്നു. ഈ വാഹനത്തിന്റെ രണ്ട് വശത്തും ക്ലിനിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒമ്പത് ഭാഷകളില്‍ എഴുതിയിട്ടുണ്ട്.
“സാധാരണ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ചെന്ന് പരിശോധിക്കും. പിന്നീട് ഈ തൊഴിലാളികള്‍ക്ക് ഒരു ആരോഗ്യ പ്രശ്നം വരുമ്പോള്‍ ഈ ക്യാമ്പ് നടത്തിയവരെ ബന്ധപ്പെടാന്‍ സാധിക്കാറുമില്ല. അതിനൊരു പരിഹാരമായി ബൊന്ധു ക്ലിനിക്ക് ചെയ്യുന്നത് എല്ലാ ആഴ്ചയിലും അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഒരേ സമയത്ത് എത്തുക എന്നതാണ്. അപ്പോള്‍ തൊഴിലാളികള്‍ക്ക് ഈ വാന്‍ എപ്പോഴെത്തുമെന്ന് കൃത്യമായി അറിവുണ്ടായിരിക്കും,” ഇതിലൂടെ അവര്‍ക്ക് തുടര്‍ച്ചയായി ആരോഗ്യ പരിരക്ഷ നല്കാന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കും
“ഹിന്ദിയാണ് പൊതുവായി ഇവരുമായി ഇടപെടാന്‍ ഉപയോഗിക്കുന്ന ഭാഷ. നഴ്സിന് ഭോജ്പുരിയും അറിയാം. ബംഗാളി ഭാഷ അറിയാവുന്നവരെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈ വാന്‍ വാങ്ങുന്നതിന് സഹായിച്ചത് മാംഗ്ലൂര്‍ റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍സ് ദിവസവുമുള്ള ചെലവിനുള്ള ധനസഹായം നല്‍കുന്നത് ഈസാഫ് സ്മാള്‍ ഫൈനാന്‍സ് ബാങ്കാണ്. ദൈനംദിന ചെലവുകള്‍ക്കുള്ള പണം നല്‍കാമെന്നേറ്റിരുന്ന സ്ഥാപനം പിന്മാറിയതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എയായ സാജു പോളിന്റെ സഹായത്തോടെയാണ് എന്‍ എച്ച് ആര് എം ഈസാഫിന്റെ സഹായം ലഭ്യയത്,” ബിനോയ് പീറ്റര്‍ പറഞ്ഞു.
“ഈസാഫ് നിലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി നിരവധി സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ബന്ധു ക്ലിനിക്കിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം നല്കി പിന്തുണയ്ക്കുന്നത്. വര്‍ഷങ്ങളായി ഈസാഫ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ഗര്‍ഷോം എന്നൊരു പദ്ധതി ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ, അവര്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ കൂടിയാണ്. അവരുടെ വലിയൊരു പ്രശ്നം പണം നാട്ടിലേക്ക് അയക്കുന്നതാണ്. അതിന് ബാങ്ക് സഹായിക്കുന്നുണ്ട്. അവരെ സഹായിക്കുന്നതിന് ബാങ്കിന് ബംഗാളിയും ഒറിയയും സംസാരിക്കുന്ന സ്റ്റാഫുമുണ്ട്. ഇതൊക്കെ കാരണമാണ് ഞങ്ങള്‍ ഈ പ്രോജക്ടിലും സഹകരിക്കുന്നത്,” ഈസാഫിന്റെ സ്ഥാപകനായ പോള്‍ തോമസ് പറഞ്ഞു.
കേരളത്തില്‍ എങ്ങനെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ചികിത്സ സൗകര്യം നല്‍കാമെന്ന് ഈ പൈലറ്റ് പ്രോജക്ടില്‍ നിന്നും കണ്ടെത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും.