Latest News

ആ ഒന്‍പതാം ക്ലാസുകാരനെ കണ്ടുപഠിക്കൂ; അധ്യാപകരോട് മുഖ്യമന്ത്രി

ശമ്പളം ആറുമാസങ്ങളിലായി പിടിക്കാനുള്ള ഉത്തരവ് അധ്യാപകര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു

pinarayi vijayan, ie malayalam

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന വിഷയത്തില്‍ പ്രതിഷേധിക്കുന്ന അധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് കോവിഡ്-19 വിശദീകരണ പത്രസമ്മേളനത്തില്‍ അദ്ദേഹം അധ്യാപകരോട് വിദ്യാര്‍ത്ഥികളെ കണ്ട് പഠിക്കാനും ഉപദേശിച്ചു.

ദുരിതം അനുഭവിക്കുന്നവരോട് കുട്ടികള്‍ കാണിക്കുന്ന കരുതല്‍ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വ്‌ളാത്താങ്കര സ്വദേശിയായ ആദര്‍ശിന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞു. ഒമ്പതാം ക്ലാസുകാരനായ ആദര്‍ശ് അഞ്ചാം ക്ലാസ് മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കാനുള്ള ഒരു പദ്ധതിയുമായി ആദര്‍ശ് തന്റെ ഓഫീസിലെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോവിഡ് -19: ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ജില്ലകളിലേക്ക്, ഹോട്ട്സ്പോട്ടുകളിലെ വഴികളടയ്ക്കും

കൂടാതെ, വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മുഖ്യമന്ത്രി നടത്തിയ ആഹ്വാനം വിദ്യാര്‍ത്ഥികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷുക്കൈനീട്ടവും കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള പണവും കുട്ടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ബാലസംഘം പ്രവര്‍ത്തകര്‍ക്ക് വിഷുകൈനീട്ടമായി ലഭിച്ച 10,69,397 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശേരി സെന്റ് ജോസഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇസ മുഹമ്മദ് 5000 രൂപ, ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ കൊച്ചുമക്കളായ ഏകലവ്യന്‍, കൈവല്യന്‍ എന്നിവര്‍ 10,000 രൂപ, പട്ടം സെന്റ് മേരീസ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് 1001 രൂപ, കുന്നുംപുറം ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അച്ചുതന്‍ കെ 1,056 രൂപ, മമ്പറം സ്വദേശിയായ ഹര്‍ഷന്‍ ഒമ്പതാം പിറന്നാളിന് ലഭിച്ച 2256 രൂപ എന്നീ കുട്ടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആറുമാസങ്ങളിലായി പിടിക്കാനുള്ള ഉത്തരവ് അധ്യാപകര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്

ഇന്ന് മാധ്യമങ്ങളില്‍ കണ്ട ഒരു ഗൗരവമുള്ള വിഷയം കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ശമ്പളത്തില്‍ ഒരു ഭാഗം മാറ്റിവെക്കാനുള്ള ഉത്തരവ് ചിലര്‍ കത്തിച്ചതാണ്. അത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് തിരുവനന്തപുരം വ്‌ളാത്താങ്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രൊജക്ടുമായാണ് ആ കൊച്ചു മിടുക്കന്‍ കഴിഞ്ഞ ആഗസ്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അഞ്ചാം ക്ലാസു മുതല്‍ ആദര്‍ശ് മുടക്കമില്ലാതെ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്നു. ദുരിതം അനുഭവിക്കുന്നവരെ കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്ര വലുതാണ് തെളിയിക്കുന്ന അനുഭവമായിരുന്നു അത്.

വിഷുവിന് തലേ ദിവസം വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോ എന്ന് കുട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നമ്മുടെ കുട്ടികള്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അവര്‍ക്ക് കിട്ടിയ കൈനീട്ടം സന്തോഷത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആ കുട്ടികളുടെ പേരു വിവരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കുഞ്ഞുമനസ്സുകളുടെ വലുപ്പം ഈ ലോകം അറിയണമെന്നതു കൊണ്ടാണ്.

വിഷുകൈന്നീട്ടവും കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള പണവും കുട്ടികള്‍ നല്‍കുമ്പോള്‍ റമദാന്‍ കാലത്തെ ദാനധര്‍മാദികള്‍ക്ക് നീക്കിവെച്ച പണത്തില്‍ ഒരു പങ്ക് ദുരിതാശ്വാസത്തിനു നല്‍കുന്ന സുമനസ്സുകളുണ്ട്. പൊലീസ് ജീപ്പ് കൈനീട്ടിനിര്‍ത്തി തന്റെ പെന്‍ഷന്‍ തുക ഏല്‍പിച്ച അമ്മയുടെ കഥ നാം കഴിഞ്ഞദിവസം പറഞ്ഞു.

ഇന്ന് ഉണ്ടായ ഒരു അനുഭവം തന്റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടേതാണ്. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് അത്യാവശ്യ കടങ്ങള്‍ തീര്‍ത്ത് 5510 രൂപയാണ് കൈമാറിയത്. കുരുമുളക് വിറ്റ് പണം നല്‍കിയവരുണ്ട്. എന്തിന് തങ്ങളുടെ സ്‌പെഷ്യല്‍ മീല്‍ വേണ്ട എന്നുവെച്ച് അതിന്റെ തുക സന്തോഷപൂര്‍വം നല്‍കിയ ത്വക്ക്രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ട്.

Read Also: ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തി പ്രതിരോധശേഷി വർധിപ്പിക്കൂ

ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇതു ചെയുന്നത്. ഇത് തിരിച്ചുകിട്ടുമെന്നു കരുതിയല്ല. ഇത് മനോഭാവത്തിന്റെ പ്രശ്‌നമാണ്. ഏത് പ്രയാസ ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസിക അവസ്ഥയാണ് നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തെയും നയിക്കുന്നത്.

സഹജീവികളോടുള്ള കരുതല്‍ വേണ്ടത്ര ഉള്ളവര്‍ തന്നെയാണ് നമ്മുടെ ജീവനക്കാരും അധ്യാപകരും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരേ മനസോടെ ഉദ്യാഗസ്ഥ സമൂഹം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടാവും. അതുകൊണ്ടാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനു മുമ്പുതന്നെ പലരും സ്വന്തമായി തീരുമാനമെടുത്ത് ശമ്പളം സംഭാവന നല്‍കുമെന്ന് പ്രാഖ്യാപിച്ചതും അങ്ങനെ ചെയ്തതും.

2018ലെ പ്രളയ സമയത്ത് സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ദുരിതം അനുഭവിക്കുന്ന ജനതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സ്വമേധയാ ആയിരങ്ങള്‍ ഏറ്റെടുത്തു. ഇത്തവണ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം മാറ്റിവെക്കണമെന്നാണ് അവരോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികമായി പ്രതിസന്ധിയിലായതുകൊണ്ടാണ് ഇത്.

Read Also: കോവിഡ് വാര്‍ഡുകള്‍ അണുവിമുക്തമാക്കാന്‍ ‘സാനിറ്റൈസര്‍ കുഞ്ഞപ്പന്‍’ റോബോട്ട്‌

അതും സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാട്. അതിന്റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ നടത്തുന്നത്. വേലയും കൂലിയും ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ട് എന്ന് ഈ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട് എന്ന് അവരെ ഓര്‍മിപ്പിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 chief minister pinarayi vijayan pointed out ninth standard student cmdrf

Next Story
കോവിഡ് -19: ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ജില്ലകളിലേക്ക്, ഹോട്ട്സ്പോട്ടുകളിലെ വഴികളടയ്ക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express