കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതപരമായ ചടങ്ങുകളിൽ ജനങ്ങൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ജില്ലയിലെ വിവിധ മതമേലധികാരുകളുമായി ജില്ലാ കലക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസു വഴി മുഖ്യമന്ത്രി ചർച്ച നടത്തി.

നാടൊന്നാകെ ഒരു വിപത്തിനെ നേരിടുന്ന ഘട്ടത്തിൽ നാടിന്റെ നല്ല ഭാവിക്കായി സന്മനസുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പലയിടങ്ങളിലും പൊങ്കാലകളും ഉത്സവങ്ങളും നടക്കുന്നുണ്ട്. ഇവിടെയെല്ലാം ജനങ്ങൾ കൂടാൻ സാധ്യതയുണ്ട്. ഇതും ഒഴിവാക്കാൻ ശ്രമിക്കണം.

Read Also: കോവിഡ്-19: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടി, അവധിയിലുള്ള ഡോക്‌ടർമാർ തിരിച്ചെത്തണം

സാധാരണ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി തുടങ്ങി പരീക്ഷകളുടെ മാനദണ്ഡങ്ങൾ പാലിച്ച് മദ്രസ പരീക്ഷകളും നടത്താം. ജാഗ്രത ഇതിലും പാലിക്കണം. കോടതിയിൽ ആളുകൾ കൂടുന്നുണ്ടെങ്കിൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തി, നിർദേശപ്രകാരം തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്ന് പങ്കെടുത്ത മതമേലധികാരികൾ മുഖ്യമന്ത്രിയെ അറിയിച്ചു. സർക്കാരിന്റെ നിർദശപ്രകാരം മത ചടങ്ങുകൾക്ക് 15 പേരിൽ അധികമാകരുതെന്ന് എറണാകുളം കലക്ടർ എസ്.സുഹാസ് നിർദേശിച്ചു.

കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ്-19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി

“കൊടുങ്ങല്ലൂർ ഭരണി വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പേർ എത്തിച്ചേരുന്ന ഉത്സവമാണ്. ഉത്സവത്തിന് പോകാനൊരുങ്ങുന്നവരെ അതത് ജില്ലാ കലക്ടർമാർ ബന്ധപ്പെട്ട് നിരുത്സാഹപ്പെടുത്തണം. ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹൈന്ദവ – മുസ്ലിം – ക്രിസ്ത്യൻ ആരാധനാലയങ്ങൾ തങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടത്തെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം,” അദ്ദേഹം പറഞ്ഞു.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി കെയർ സെന്ററുകൾ ഒരുക്കുന്നതിന് കര- വ്യോമ -നാവിക സേനാ വിഭാഗങ്ങളുടെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ എസ്.ഷാനവാസിനൊപ്പം വിവിധ മതസമുദായ വിഭാഗങ്ങളുടെ നേതാക്കൾ തൃശൂർ ജില്ലയിൽ നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.