സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ്-19 പ്രോട്ടോക്കോളുകള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നതായും അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാകുമെന്നും മുഖ്യമന്ത്രി വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ഇന്നും സുരക്ഷാ മുന്‍കരുതലും നിയന്ത്രണങ്ങളും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: തുടർച്ചയായി രണ്ടാം ദിവസവും നാനൂറിലേറെ കോവിഡ് രോഗികൾ; 234 പേർക്ക് സമ്പർക്കത്തിലൂടെ

പ്രകൃതിദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ അനുഭവമുള്ള നാടാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിന് നേതൃത്വം നല്‍കുന്നതും കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമ്പര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുകയാണെന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമരം നടത്തുകയാണ്. ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന സമരങ്ങളില്‍ സാമൂഹിക അകലം പാലിക്കാനോ മാസ്‌ക് നേരാംവിധം പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. ഇത് കോവിഡ്-19 നിര്‍വ്യാപന പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.