തിരുവനന്തപുരം: സംസ്ഥാനം കോവിഡ് ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പ്രതിപക്ഷം അതിന് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ വാര്‍ഷിക ആഘോഷം നടത്തി നേട്ടങ്ങള്‍ എണ്ണിപ്പറയാതെ കോവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിലാണ് പ്രതിപക്ഷം ഏത് നടപടിയേയും വക്രീകരിച്ചു കാണിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ പാല്‍ കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധം പുതിയ തലത്തില്‍ എത്തിയ അവസരത്തില്‍ പ്രത്യേക അജണ്ടയ്ക്ക് പിന്നാലെ പോകാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷവും ഈ പോരാട്ടത്തില്‍ കൂടെ ഉണ്ടാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടക്കം മുതലേ നടത്തിയത്. എന്നാല്‍, പ്രതിപക്ഷം ആ നിലയ്ക്കല്ല നീങ്ങുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വയ്ക്കാനും ഏത് നടപടിയേയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമമുണ്ടാകുന്നത്.
Read Also: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് 121 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 79 പേർക്ക് രോഗമുക്തി
നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം തുടക്കം മുതല്‍ സ്വീകരിച്ചത്. നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളേയും അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് അവരെത്തിയത്.
അതിന്റെ ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ടെക്‌നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്തുന്നുവെന്നും അത് അഴിമതിയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
ഒരു മാധ്യമം അത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെ പോലെ ടെക്‌നോ സിറ്റിയിലേക്ക് ഓടിയെത്തി അഴിമതി ആരോപണം ഉന്നയിച്ചു.
ടെക്‌നോസിറ്റിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്തു കളിമണ്ണുണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. പള്ളിപ്പുറം ടെക്‌നോസിറ്റി വക ഭൂമിയില്‍ കളിമണ്‍ നല്ല നിലയില്‍ ലഭ്യമാണ്.
Read Also: ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കി
ടെക്‌നോസിറ്റി സ്ഥലത്തുനിന്നും സോഫ്റ്റ് സോയിലെടുത്ത് ഹാര്‍ഡ് സോയില്‍ നിക്ഷേപിക്കാന്‍ കേരള ക്ലേസ് ആന്റ് സെറാമിക്‌സ് എന്ന സ്ഥാപനം നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥതല സമിതിയെ ഖനന സാധ്യത പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. ഖനന നിര്‍ദ്ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനമാണ് ഈ സമിതിയെടുത്തത്. ഖനനത്തിന് അനുമതി നല്‍കാനുള്ള യാതൊരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ല. ഇതിലെങ്ങനെയാണ് അഴിമതി ആരോപിക്കാന്‍ കഴിയുന്നത്.
കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പഴഞ്ചൊല്ലിലുള്ള കാര്യമാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല പാല് കറക്കാന്‍ തന്നെ ഓടുകയാണ്.
ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. അഞ്ചാം വര്‍ഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നത് ആ ജാള്യം മറച്ച് വയ്ക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയെങ്കിലും തളര്‍ത്താനാകുമോയെന്നുമാണ് നോക്കുന്നത്.
പത്രസമ്മേളനം വിളിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുക. കുറച്ച് ദിവസം അത് തന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാകാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്‍മാറുക. ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ-മൊബിലിറ്റി ഹബിനു വേണ്ടി പ്രൈസ് വാട്ടേഴ്‌സ് കൂപ്പേഴ്‌സിനെ നിയോഗിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ഏജന്‍സിയെ മുമ്പും പല പദ്ധതികളിലും യുഡിഎഫ് അടക്കമുള്ള കേരള സര്‍ക്കാരുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
സംസ്ഥാനത്ത് ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഏല്‍പ്പിച്ചത് ക്രമരഹിതമായിട്ടാണ് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയുമ്പോള്‍ സ്വാഭാവികമായും ഗവണ്‍മെന്റിന് അത് അവഗണിക്കാന്‍ പറ്റില്ല. വ്യക്തത വരുത്തേണ്ടിവരും. അതിന് നമ്മുടെയാകെ കുറേ സമയം നഷ്ടപ്പെടും. ഇപ്പോള്‍ അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട ഒരു അവസ്ഥയിലല്ല നമ്മുടെ നാട് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരാരോപണങ്ങള്‍ ഈ ഘട്ടത്തില്‍ നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമല്ല
കോവിഡ് ബാധ അനുദിനം വര്‍ധിക്കുകയാണ്. അതിന്റെ ഭീഷണിയില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദുരാരോപണങ്ങളും കുപ്രചാരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തില്‍ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമല്ല. എന്തായാലും വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ-മൊബിലിറ്റി സര്‍ക്കാരിന്റെ നയമാണ്. പുതിയകാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022ഓടെ പത്തുലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കണം എന്നാണ് ആലോചിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വൈദ്യുതി വാഹനനയം രൂപീകരിച്ചത്.
നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ വര്‍ധിച്ചതോതില്‍ വേണമെന്നത് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിനുവേണ്ടിയാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും അതിനായി പഠനങ്ങള്‍ നടത്തുന്നതും.
പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റഡ് (നിക്‌സി) എംപാനല്‍ ചെയ്തിട്ടുള്ളതാണ്.
കേരള സര്‍ക്കാര്‍ 2019 ആഗസ്ത് 13ലെ ഉത്തരവു പ്രകാരം നിക്‌സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇ-മൊബിലിറ്റിക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്റുകളായി തീരുമാനിച്ചിട്ടുണ്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (ദക്ഷിണ മേഖല – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം), കെപിഎംജി അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (മധ്യമേഖല – കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം), ഏണസ്റ്റ് ആന്റ് യങ് ഗ്ലോബല്‍ (ഉത്തരമേഖല – കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്) എന്നിവയാണ്.
പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തുടങ്ങി കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാന സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി ചെയ്യുന്ന കമ്പനിയാണ് പിഡബ്ല്യുസിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2020 ഫെബ്രുവരി 20-ലെ ഗതാഗത വകുപ്പ് ഉത്തരവ് പ്രകാരം ഈ മൂന്ന് കമ്പനികളെയും ബസ് പോര്‍ട്ടുകളുടെ കണ്‍സള്‍ട്ടാന്റായും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ വൈദ്യുത വാഹന ഉല്‍പാദന ഇക്കോ സിസ്റ്റത്തിന്റെ ലോജിസ്റ്റിക് പോര്‍ട്ടുകളുടെയും കണ്‍സള്‍ട്ടന്റായും തീരുമാനിച്ചു. ഓരോ ബസ് പോര്‍ട്ടുകള്‍ക്കും 2.15 കോടി രൂപയും (നികുതി പുറമെ) ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.09 കോടി രൂപയും (നികുതി പുറമെ) ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, പ്ലാനിങ്, ധനകാര്യ വകുപ്പുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലില്‍ അന്തിമ തീരുമാനമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിലക്കുള്ളത് മറ്റൊരു കമ്പനിക്ക്
സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തത് എന്ന ആക്ഷേപവും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായ നിക്‌സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നത് പ്രൈസ് വാട്ടര്‍ഹൗസ് ആന്റ് കമ്പനി, ബംഗളൂരു എല്‍എല്‍പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.
ആ സ്ഥാപനമാണ് ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റ കാലത്ത് അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. കരാറിലെ പ്രശ്‌നങ്ങളും ഇടനിലക്കാരുടെ പങ്കാളിത്തവും അവര്‍ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങള്‍ വേണ്ടിവന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനി; ഇത് കണ്‍സള്‍ട്ടന്റ് സ്ഥാപനം. രണ്ടും രണ്ട് ലീഗല്‍ എന്റ്റിറ്റിയാണ്. ഓഡിറ്റും കണ്‍സള്‍ട്ടന്‍സിയും രണ്ട് വ്യത്യസ്ത പ്രവര്‍ത്തനമാണ് എന്ന ലളിതമായ കാര്യം മറച്ചുവെക്കപ്പെടുന്നു.
കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി ആവശ്യമാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് നയം. ഇതിന്റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ നയവും ഇലക്ട്രിക് വെഹിക്കള്‍ മാനുഫാച്വറിങ് ഇക്കോസിസ്റ്റവും.
അവ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കാനായി 2019 ആഗസ്റ്റ് 17ന് വ്യവസായവകുപ്പ്, ധനകാര്യവകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുടെ ഉന്നതതല യോഗം ചേര്‍ന്നു. ഫയലില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ധനകാര്യ-ആസൂത്രണ വകുപ്പുകള്‍ കണ്ടശേഷമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഇറങ്ങിയത്. 2019 ജൂലൈ 11ലെ ഉത്തരവിനുശേഷം 2020 ഫെബ്രുവരി 20ന് വിശദമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് എല്ലാ പരിശോധനകള്‍ക്കും ശേഷമാണ്.
പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യ വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സര്‍ക്കാര്‍ സമീപനം സുതാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിയാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കൈക്കൊള്ളും.
കിഫ്ബിയെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ സംസാരിക്കുന്നില്ല
കിഫ്ബി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും ഉഡായിപ്പുമാണ് എന്നെല്ലാം പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു. എന്നാലിപ്പോള്‍ കിഫ്ബി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയത്. ഇതില്‍ 18,500 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു. അതില്‍ തന്നെ 16,000 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. അംഗീകരിച്ച പദ്ധതികളില്‍ 5400 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി കഴിഞ്ഞു.
എല്ലാ നിയോജക മണ്ഡലങ്ങളിലും 5 കോടി രൂപ വീതം ചെലവഴിച്ച് ഓരോ സ്‌കൂളുകള്‍ രാജ്യാന്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ വിദ്യാലയങ്ങളെ സജ്ജമാക്കാന്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലെ 45000 ക്ലാസ്സ് റൂമുകളാണ് ഹൈടെക് ആക്കി മാറ്റിയത്. 11,000 എല്‍പി, യുപി സ്‌കൂളുകളും ആധുനികവല്‍ക്കരിച്ചു.
ഇരുപത്തഞ്ചോളം ആശുപത്രികളില്‍ 2200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. ഇതില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. നാളിതുവരെയുണ്ടാകാത്തവിധം വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന് 14,000 കോടി രൂപ വകയിരുത്തി. ഇതില്‍ 977 കോടി രുപ ചെലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ വിലയായ 434 കോടി രൂപ ആദ്യ നിക്ഷേപ സംരംഭകരായ ബിപിസിഎല്‍ മുതല്‍മുടക്കിക്കഴിഞ്ഞു.
കൂടുതല്‍ പറയുന്നില്ല. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയണമെന്നൊന്നും ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നുണ്ടല്ലൊയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്വേഷണം നടത്താതെ
ജൂണ്‍ 25ന് പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു: റീബില്‍ഡ് കേരളക്ക് കെപിഎംജിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതിന് പിന്നില്‍ അഴിമതി ‘സര്‍ക്കാര്‍ കമ്മീഷന്‍ തട്ടാന്‍ വേണ്ടി കരാര്‍ നല്‍കുന്നു’. അതേ പ്രതിപക്ഷ നേതാവ് മൂന്നുദിവസം കഴിഞ്ഞ് ജൂണ്‍ 28ന് പറഞ്ഞത് ഇങ്ങനെയാണ്:
‘കഴിഞ്ഞ ദിവസം ഞാന്‍ (പ്രതിപക്ഷ നേതാവ്) കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്ത കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി…. അന്ന് ഇത് തെറ്റാണെന്നും ശരിയായ നടപടി അല്ല എന്നും ഞാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു ടെണ്ടര്‍ ചെയ്‌തെന്ന്. ഞാന്‍ അന്വേഷിച്ചപ്പോള്‍ ശരിയാണ്. 28 പേര്‍ അപേക്ഷ കൊടുത്തു, അതില്‍ നിന്നും 5 പേരെ തെരഞ്ഞെടുത്തു. അവര്‍ ടെണ്ടര്‍ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പിനിക്ക് കണ്‍സല്‍ട്ടന്‍സി ഉറപ്പിച്ചത്’.
എന്താണ് ഇതിനര്‍ത്ഥം. ഒരു അന്വേഷണവും നടത്താതെ ഒരു ഉറപ്പുമില്ലാതെയാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നല്ലേ? ഇനി മറ്റൊരു ഉദാഹരണമെടുക്കാം.
ഏപ്രില്‍ 15ന് അദ്ദേഹം പറഞ്ഞത് ‘ഇപ്പോള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത് റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവര്‍ക്ക് ആള്‍റെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തില്‍ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ്’.
മെയ് 25ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇതേ കാര്യത്തില്‍ പറഞ്ഞതു നോക്കുക.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം: 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്റ് പറഞ്ഞപ്പോള്‍ ഒകെ, ഞാന്‍ അത് അംഗീകരിക്കുന്നു.
ഇങ്ങനെയല്ലേ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു ഉറപ്പുവേണ്ടേ? ഇത് ഒരു സംസ്ഥാനത്തിന്റെയും മൂന്നരക്കോടി ജനങ്ങളുടെയും കാര്യമല്ലേ? അതില്‍ മിനിമം ഉത്തരവാദിത്വമെങ്കിലും കാണിക്കണമെന്നേ എനിക്ക് പ്രതിപക്ഷ നേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യര്‍ത്ഥിക്കാനുള്ളുവെന്നും പിണറായി വിജയന്‍ പറഞ്ഞു.