തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ ഇനിയും ഉയരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഈ സാഹചര്യം പ്രതീക്ഷിച്ചതാണ്. അതിനനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ ആളുകൾ എത്തുന്നുണ്ട്. ഇവരിൽ പോസിറ്റീവ് കേസുകളും ഉണ്ടാവാം. ഇവർ ക്വാറന്റൈനിൽ കഴിയുകയും സർക്കാർ നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ അവരിൽനിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവരിൽ പോസിറ്റീവ് ആയവർ കൃത്യമായി ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കണം. പ്രായം ചെന്നവരും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം. ഇവർ മറ്റുളളവരുമായി സമ്പർക്കത്തിലേർപ്പെടരുത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. കൂടുതലാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ക്വാറന്റൈന്‍ ഏഴുദിവസമാക്കിയത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹോം ക്വാറന്റൈനാണ് സർക്കാർ സംവിധാനത്തേക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും മന്ത്രി പറഞ്ഞു.

Read Also: കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശിനി

സംസ്ഥാനത്ത് ഇന്നലെ 62 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യുഎഇ-9, സൗദി അറേബ്യ-3, കുവൈത്ത്-2, മാലിദ്വീപ്-1, സിംഗപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.