കോഴിക്കോട് :കൊറോണ പ്രതിരോധ സന്ദേശങ്ങളുമായി കാർട്ടൂൺ മതിലുകളൊരുക്കി കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ. വൈറസിനെതിരായ മുൻകരുതൽ നടപടികളെക്കുറിച്ച് വീണ്ടും ഓർമിപ്പിക്കുന്ന കാർട്ടൂണുകളുമാണ് ജില്ലാ കേന്ദങ്ങളിൽ കാർട്ടൂൺ മതിലുകളൊരുക്കിയത്. സിനിമാ ഡയലോഗുകളും, പുസ്തക തലക്കെട്ടുകളും, ട്രോളുകളുമെല്ലാം കോവിഡ് പ്രതിരോധ സന്ദേശങ്ങളായി കാർട്ടൂൺ മതിലിൽ ഇടം പിടിച്ചു.
“സോപ്പിട്ട് കൈ കഴുകുന്നവന് ചന്തു, മാസ്കിട്ട് അങ്കം കുറിക്കുന്നവന്‍ ചന്തു, അകലം പാലിച്ച് പൊരുതുന്നവന് ചന്തു, തോല്‍പ്പിക്കാനാവില്ല കോവിഡേ”- എന്നാണ് കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജിന്റെ ചുറ്റുമതിലിലെ ഒരു കാർട്ടൂണിലെ വാചകം. വടക്കൻ വീരഗാഥയിൽ ലെ ചന്തു വാളിനും പരിചയ്ക്കും പകരം സാനിറ്റൈസറും മാസ്കുമായി നിൽക്കുന്നതും കാണാം ഇതിൽ.
വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ചാരുകസാരയിലിരിക്കുന്ന ചിത്രത്തോടൊപ്പം ‘വിശ്വ വിഖ്യാതമായ മൂക്ക്’ ‘വിശ്വ വിഖ്യാതമായ മാസ്ക്’ ആയി മാറിയിരിക്കുന്നു. വാസ്കോഡ ഗാമയുടെ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത് ‘മാസ്കാടോ ഗമ’ എന്നാണ്.
Read More: ‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ
ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനിന്റെ രണ്ടാം ഘട്ടം തുടരണം ഈ കരുതല്‍ പരിപാടിയുടെ ഭാഗമായി കേരള സാമൂഹ്യസുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് കോവിഡ് പ്രതിരോധ കാര്‍ട്ടൂണ്‍ മതില് തീര്‍ത്തത്.
കേരളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ സാമൂഹിക അകലമുള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു കാര്‍ട്ടൂണ്‍ ഒരുക്കിയത്. കോഴിക്കോടടക്കം ഏഴുജില്ലകളിലാണ് നിലവില്‍ കാര്‍ട്ടൂണ്‍ ഒരുക്കിയത്. സോപ്പ്, മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാര്ട്ടൂണുകൾ.
Read More: ബെവ് ക്യൂ: ഒറിജിനലിന് മുൻപേ വ്യാജൻ; ഹൈടെക് ക്രൈം സെൽ അന്വേഷിക്കും
കാര്‍ട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണന്, സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂര്‍, രതീഷ് രവി, സജീവ് ശൂരനാട്, ഷാജി സീതാംതോട്, സനീഷ് ദിവാകരന്, ബിനീഷ് ലാലി, നൗഷാദ് വെള്ളലശ്ശേരി എന്നിവരാണ് കോഴിക്കോട് കാര്‍ട്ടൂണ്‍ മതില് തീര്‍ത്തത്. എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്മാന് കെ ഉണ്ണിക്കൃഷ്ണന്, സാമൂഹ്യസുരക്ഷാ മിഷന് ഉത്തരമേഖല പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ എം.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വയനാട് ജില്ലയിൽ കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയുടെ മതിലിലാണ് കാർട്ടൂൺ മതിൽ ഒരുക്കിയത്. ‘പ്രജകളുടെ യുദ്ധം കൊറോണ കാണാന്‍ പോകുന്നതേയുള്ളു’ എന്ന ഡയലോഗുമായി മാസ്കും സാനിറ്റൈസറുമായി അങ്കത്തിനിറങ്ങുന്ന പഴശ്ശി രാജയുടെ റോളില്‍ മമ്മൂട്ടി ചുമരില്‍ തെളിഞ്ഞു. പിന്നാലെ താമരശ്ശേരി ചുരത്തില്‍ നിന്ന് മാസ്കുമായി ‘ഇപ്പ ശര്യാക്കിത്തരാ’ എന്ന് പറഞ്ഞ് കൊറോണയെ ഓടിക്കുന്ന കുതിരവട്ടം പപ്പു, കരിന്തണ്ടന്, തുടങ്ങിയവര്‍ ജാഗ്രതയുടെ സന്ദേശങ്ങളുമായി ചിത്രങ്ങളായി.
Read More: നാടിന്റെ സുരക്ഷിതത്വത്തിലാണ് ഞാനിപ്പോള്‍; ഇത് മറ്റെവിടെ കിട്ടും?
ജില്ലയിലെ കാര്‍ട്ടൂണ്‍ മതില് ഉത്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ അദില അബ്ദുള്ളയും ‘എസ് എം എസ് പാലിച്ചാല്‍ കൊറോണയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ ‘എന്ന തലവാചകത്തോടെ ഒരു വൈറസിനെ വരച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് കെ.ഉണ്ണികൃഷ്ണന്, അനൂപ് രാധാകൃഷ്ണന്, ഡാവിഞ്ചി സുരേഷ്, രതീഷ് രവി,സുഭാഷ്കല്ലൂര്, സജീവ് ശൂരനാട്, ഷാജി സീതത്തോട്, ഷാജി പാമ്പള, സനീഷ് ദിവാകരന് എന്നിവരാണ് കാര്ട്ടൂണുകള് വരച്ചത്. സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോഓഡിനേറ്റര്‍ സിനോജ്.പി.ജോര്‍ജ് നേതൃത്വം നല്കി.