രാജ്യത്ത് കൊറോണവൈറസ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യ വാരം മുതല്‍ കോവിഡ്-19 ബോധവല്‍ക്കരണ സന്ദേശം ടെലികോം സേവന ദാതാക്കള്‍ പ്രീകോള്‍ ആയും കോളര്‍ ട്യൂണ്‍ ആയും കേള്‍പ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടുവെങ്കിലും ഈ സന്ദേശം ഫോണ്‍ വിളിക്കുന്ന ആള്‍ക്ക് അലോസരം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ബി എസ് എന്‍ എല്‍ ഈ സന്ദേശം പൂര്‍ണമായും നിര്‍ത്തലാക്കിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, ഉപയോക്താക്കള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഈ സന്ദേശം വീണ്ടും കേള്‍ക്കുന്നുണ്ട്. എന്താണ് സത്യാവസ്ഥ.
സന്ദേശം വീണ്ടും വാര്‍ത്തയാകാന്‍ കാരണം
കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകരും മറ്റും ഫോണ്‍ വിളിക്കുമ്പോള്‍ ഈ കൊറോണ സന്ദേശം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിലുള്ള സമയത്തെ അപഹരിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് രണ്ട് ദിവസത്തേക്ക് താല്‍ക്കാലികമായി ഈ സന്ദേശം കേള്‍പ്പിക്കുന്നത് നിര്‍ത്തി. കാലാവസ്ഥ പ്രശ്നങ്ങള്‍ മാറിയതിനെ തുടര്‍ന്ന് വീണ്ടും സന്ദേശം കേള്‍പ്പിച്ചു തുടങ്ങിയെന്നും ബി എസ് എന്‍ എല്‍ അധികൃതര്‍ പറയുന്നു.
സന്ദേശം അവസാനിപ്പിച്ചോ?
കൊറോണ സന്ദേശം കേള്‍പ്പിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ സന്ദേശം കേള്‍പ്പിക്കുന്ന തവണകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.
Read Also: Covid-19 Russian Vaccine: റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?
ഫോണ്‍ വിളിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ദിവസം മൂന്ന് തവണയായി കുറച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് മാര്‍ച്ചിൽ ഇറങ്ങിയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, രാത്രി ഓരോ തവണ സന്ദേശം കേള്‍പ്പിക്കാനാണ് ഉത്തരവ് വന്നത്. അതിന് പ്രകാരമാണ് എണ്ണം പരിമിതപ്പെടുത്തിയത്.
ഒരു ദിവസം ഒരാളെ മൂന്ന് പ്രാവശ്യം മാത്രം ഈ സന്ദേശം കേള്‍പ്പിച്ചാല്‍ മതിയെന്നുള്ള ടെലികോം വകുപ്പിന്റെ ഉത്തരവ് കോര്‍പറേറ്റ് ഓഫീസില്‍ നിന്നു മാര്‍ച്ചിൽ ലഭിച്ചിരുന്നുവെന്നും അതിന് പിന്നാലെ എണ്ണം പരിമിതപ്പെടുത്തിയെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് പറഞ്ഞു. തെറ്റായ വാര്‍ത്തയാണ് പ്രചരിച്ചതെന്ന് ബിഎസ്എന്‍എല്ലിന്റെ മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു.
ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ച്ച് 13 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എണ്ണം പരിമിതപ്പെടുത്തിയത്. മുന്‍ ഉത്തരവ് ഇപ്പോള്‍ നടപ്പിലാക്കുകയാണുണ്ടായതെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ടെലികോം വകുപ്പിന്റെ ഉത്തരവ് ആയതിനാല്‍ മറ്റു കമ്പനികളും ഈ ഉത്തരവ് നടപ്പിലാക്കണം. ടെലികോം വകുപ്പിന്റെ ഉത്തരവുകള്‍ പാലിക്കാറുണ്ടെന്ന് റിലയന്‍സ് ജിയോയുടെ കേരളത്തിലെ അധികൃതര്‍ പറഞ്ഞു.
കൊറോണ സന്ദേശം മൂലം കോളുകള്‍ കണക്ട് ആകാതെ പോകുന്നുണ്ടോ?
ഒരാള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ആദ്യ 30 സെക്കൻഡ് പ്രീകോള്‍ സമയം ആണ്. കോള്‍ സെറ്റപ്പ് സമയം. ഈ സമയത്താണ് സാധാരണ ഒരു ഉപഭോക്താവ് കൊറോണ സന്ദേശം കേള്‍ക്കുന്നത്. മറുവശത്ത് റിങ് ടോണ്‍ കേട്ട് തുടങ്ങുന്ന സമയത്ത് തന്നെ കൊറോണ സന്ദേശം നിലയ്ക്കുകയും നിങ്ങള്‍ വിളിക്കുന്ന ആളുടെ കോളര്‍ ട്യൂണായി സെറ്റ് ചെയ്തിരിക്കുന്ന പാട്ട് കേള്‍ക്കുകയും ചെയ്യുന്നു.
Read Also: മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
“പ്രീകോളിന്റെ 30 സെക്കൻഡ് കഴിഞ്ഞും കൊറോണ സന്ദേശം കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിളിക്കുന്ന ആള് അത് കോളര്‍ ട്യൂണായി സെറ്റ് ചെയ്തിരിക്കുന്നതാണ്. ഈ 30 സെക്കൻഡ് കഴിയുമ്പോള്‍ മറുവശത്ത് ഫോണ്‍ റിങ് ചെയ്ത് തുടങ്ങും. ആളുകള്‍ ഫോണ്‍ എടുക്കാത്തത് കൊണ്ടാണ് കട്ട് ആകുന്നത്. കൊറോണ സന്ദേശം മൂലം കോള്‍ കണക്ടാകത്തത് കൊണ്ടാണ് കോള്‍ കട്ടാകുന്നതെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
നാല് ലക്ഷത്തോളം ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് കൊറോണ സന്ദേശം കോളര്‍ ട്യൂണായി സെറ്റ് ചെയ്തിട്ടുണ്ട്. ഇത് വിവിധ റീച്ചാര്‍ജ് പാക്കുകളുടെ ഭാഗമായിട്ടാണ് ബിഎസ്എന്‍ എല്‍ കേള്‍പ്പിക്കുന്നത്. അതേസമയം, ഒരാള്‍ കോളര്‍ ട്യൂണായി മറ്റൊരു പാട്ട് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കൊറോണ സന്ദേശം പ്രീകോള്‍ അനൗണ്‍സ്മെന്റ് ആയി മാത്രമേ കേള്‍ക്കുകയുള്ളൂ.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും മറ്റും നല്‍കിയിട്ടുള്ള ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പില്‍പ്പെട്ട നമ്പരുകളില്‍ കോറൊണ സന്ദേശം സെറ്റ് ചെയ്തിട്ടില്ലെന്നും ബിഎസ്എന്‍എല്‍ ഓഫീസര്‍ പറഞ്ഞു.
മാറ്റം സാധ്യമല്ല
കോവിഡ് സന്ദേശത്തെ കോഡ് ചെയ്ത് മാറ്റാന്‍ പറ്റുമോ? ബിഎസ്എന്‍എല്ലില്‍ അത് സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേറ്റര്‍ വിചാരിച്ചാല്‍ മാത്രമേ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ മാത്രമായും പ്രീകോള്‍ അനൗണ്‍സ്മെന്റ് ഒഴിവാക്കി നല്കാന് ആകില്ല.
കൊറോണ സന്ദേശം മൂന്നാം ഘട്ടം
പ്രീകോള്‍ സന്ദേശങ്ങള്‍ മൂന്ന് ഘട്ടം കഴിഞ്ഞു. ആദ്യത്തേത് കോവിഡിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ആയിരുന്നു. രണ്ടാമത്തേത് ആരോഗ്യ പ്രവര്‍ത്തകരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇപ്പോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുകയെന്ന സന്ദേശമാണ് നല്‍കുന്നത്.