/indian-express-malayalam/media/media_files/uploads/2020/04/covid-19-corona.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപില്‍ ഷൂട്ടിങ് ലൊക്കേഷനുകളും. മണക്കാട് സ്വദേശിയായ ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 52 വയസ്സുകാരനായ ഇദ്ദേഹത്തിന്റെ 42 വയസ്സുള്ള ഭാര്യയ്ക്കും 14 വയസ്സുള്ള മകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
ജൂണ്‍ 12-ാം തിയതിവരെ നഗരത്തിലുടനീളം അദ്ദേഹം ഓട്ടോ ഓടിച്ചിരുന്നു. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐരാണിമുട്ടത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പോകാതെ വീണ്ടും 15-ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി. 17-ാം തിയതി ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഓട്ടോഡ്രൈവറെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Also: കൊറോണയെ പ്രതിരോധിക്കാൻ ഫാവിപിരാവിർ ഗുളികയുമായി ഗ്ലെന്മാർക്ക്
മെയ് 30 മുതലുള്ള സഞ്ചാര പഥമാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. അന്നേ ദിവസം കരമനയിലെ താളിയിലവീട്ടില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോയിരുന്നു. അവിടെ 15 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 12-ാം തിയതി പൂജപ്പുരയിലെ സീരിയല്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലും അദ്ദേഹം പോയിരുന്നു. സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ചില സീരിയലുകളില്‍ അഭിനയിക്കുന്നതിനാണ് ലൊക്കേഷനുകളില്‍ പോയത്.
സമ്പര്‍ക്ക പട്ടിക്ക തയ്യാറാക്കുന്നത് ദുഷ്‌കരം
നഗരത്തിലെ വിവിധ പ്രദേശങ്ങളായ ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, കരമന, പാല്‍ക്കുളങ്ങര, ചാക്ക, കൈതമുക്ക്, തൃക്കണ്ണാപുരം, പേരൂര്‍ക്കട, അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യൂ, തമ്പാനൂര്‍, കാലടിയിലെ കരിക്ക് കട, ഐരാണിമുട്ടത്തെ ദുര്‍ഗാ മെഡിക്കല്‍സ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഉത്രം ലാബ്, ഇന്ത്യന്‍ ബാങ്കിന്റെ ആറ്റുകാല്‍ ബ്രാഞ്ച്, കാലടിയിലെ വിനായക മാര്‍ജിന്‍ ഫ്രീ സ്റ്റോര്‍, വഴുതക്കാട്, വെള്ളായണി, ആറ്റുകാല്‍ ദേവി ട്രസ്റ്റ് സ്വകാര്യ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ സഞ്ചരിച്ചിട്ടുള്ളത്.
Read Also: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു; ഒറ്റദിനം 15,413 രോഗികൾ
ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാകും. മിക്ക ദിവസങ്ങളിലും ഇയാള്‍ ഓട്ടോ ഓടിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ രോഗം ബാധിച്ച 136-ാമത്തെ വ്യക്തിയാണ് ഇയാള്‍. ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ വന്ന നഗരത്തിലെ രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഐസോലേഷനില്‍ പ്രവേശിച്ചു.
കാലടി ജംഗ്ഷന്‍, ആറ്റുകാല്‍, മണക്കാട് ജംഗ്ഷന്‍, ചിറമുക്ക്-കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങള്‍ കഴിഞ്ഞി ദിവസം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഉത്തരവിട്ടിരുന്നു. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നു.
ഇയാള്‍ക്ക് രോഗം പകര്‍ന്ന ഉറവിടം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക ദുഷ്‌കരമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ രോഗ വ്യാപന സാഹചരം ചര്‍ച്ച ചെയ്യുന്നതിന് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം നാളെ വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളും ചന്തകളും അടപ്പിക്കും, സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങള്‍ക്ക് നിയന്ത്രണം, ആള്‍ക്കൂട്ടം തടയും, തീരദേശ മേഖലയില്‍ ശക്തമായ പരിശോധന നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.