തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അഞ്ച് പേർക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

കാസര്‍ഗോഡ് 18
പാലക്കാട് 16
കണ്ണൂര്‍ 10
മലപ്പുറം 8
തിരുവനന്തപുരം 7
തൃശ്ശൂര്‍ 7
കോഴിക്കോട് 6
പത്തനംതിട്ട 6
കോട്ടയം 3
കൊല്ലം 1
ഇടുക്കി 1
ആലപ്പുഴ 1

തെലങ്കാന സ്വദേശി കേരളത്തില്‍ മരിച്ചു

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസ്സുള്ള തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്ന ഇയാളെ പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എമ്മില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 27-നാണ് ഇയാള്‍ മരിച്ചത്. സ്രവ പരിശോധനാ ഫലം ഇന്നു ലഭിച്ചു. പോസിറ്റീവ്. ഇയാളുടെ ഭാര്യയും രണ്ട് മക്കളും രണ്ട് ബന്ധുക്കളും നിരീക്ഷണത്തിലാണ്.

ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മതാചാരങ്ങള്‍ പാലിച്ചു കൊണ്ട് ഇവിടെ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൃതദേഹം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനാകില്ല.

തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം ഏഴായി.

മൂന്ന് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് രോഗമുക്തി. അതേസമയം, ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ല പാലക്കാടാണ്. ജില്ലയിൽ 105 രോഗികളുണ്ട്.

സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കാസര്‍ഗോഡ് മൂന്നും പാലക്കാട് രണ്ടും പഞ്ചായത്തുകള്‍, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയും ഹോട്ട്‌സ്‌പോട്ടുകളായി. സംസ്ഥാനത്ത് ആകെ 82 ഹോട്ട്‌സ്‌പോട്ടുകള്‍.

Read Also: നീണ്ട വരി, നീണ്ട നീണ്ട വരി; ‘ബെവ് ക്യൂ’ ആദ്യദിനം സമ്പൂർണ പരാജയം

സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കരുത്

കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധന ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ഇത് പ്രത്യേകമായ ഒരു കാലമാണ്. എല്ലാ മേഖലകളിലും മാറ്റം വരുത്തേണ്ട ഘട്ടവും. പഠനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ നാളത്തേക്ക് അടച്ചിടുന്നതും ഒക്കെ അതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞവരുമാണ് നാട്ടിലാകെ. ഈ ഘട്ടത്തില്‍ അത്തരം ജനങ്ങളെ സഹായിക്കുക, അവരുടെ ഭാരം ലഘൂകരിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വിരുദ്ധമായി ചില പ്രവണതകളെങ്കിലും കാണാന്‍ കഴിയുന്നത്.

അതിലൊന്ന് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയതാണ്. ചില സ്‌കൂളുകള്‍ വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു സ്‌കൂളിലും ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല. പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുക, വേണ്ട മാറ്റങ്ങള്‍ വരുത്തുക എന്നിവയാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തര പ്രാധാന്യത്തോടെ നടക്കുന്ന കാര്യം. അത് സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, പിഴിഞ്ഞുകളയുമെന്ന നില സ്വീകരിക്കാന്‍ പാടില്ല.

ബെവ് ക്യൂ ആപ്പിലെ ആശങ്ക തീരും

ആദ്യദിവസത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് ‘ബെവ് ക്യൂ’ ആപ്പ് സർവ സജ്ജമാകുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് മദ്യവിൽപ്പന പുനരാരംഭിച്ചിരിക്കുന്നത്. ബെവ് ക്യൂ ആപ്പിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് എക്‌സെെസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ദിനത്തിൽ 2,25,000 പേരാണ് ഇ-ടോക്കൺ സ്വന്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യവ്യാപനം ഇതുവരെ ഇല്ല

കേരളത്തിൽ ഇതുവരെ സാമൂഹ്യവ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. സാമൂഹ്യവ്യാപനം ഉണ്ടാകില്ലെന്ന് പറയാൻ സാധിക്കില്ല. ജാഗ്രത വേണം. ഇതുവരെ സാമൂഹ്യ വ്യാപനമുണ്ടായിട്ടില്ലെന്നാണ് ടെസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലും വ്യക്തമാകും.

കാരണം, ഇവിടെ ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് ഇടയാകും. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണ്.

പരിശോധന വർധിപ്പിക്കും

കേരളത്തിന്റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഐക്യത്തിന്റെ ബലത്തിലാണ്. അതുകൊണ്ടാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാല്‍, അതിനെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ പാലിച്ച് കോവിഡ് 19 വ്യാപനം തടയാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതു അംഗീകരിക്കുകയും കേരളത്തിന്റെ പ്രവര്‍ത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ശ്രമിച്ച് സര്‍ക്കാര്‍ മേഖലയില്‍ 15 സ്ഥാപനങ്ങളില്‍ ടെസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. അവയ്ക്ക് ഐസിഎംആറിന്റെ അംഗീകാരവും നേടിയെടുത്തു. മാത്രമല്ല, അഞ്ച് സ്വകാര്യ ലാബുകള്‍ക്കും ഇപ്പോള്‍ ടെസ്റ്റിങ് അംഗീകാരമുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറില്‍ നിന്നും ലഭിച്ചിരുന്നുള്ളു.

എന്നാല്‍, ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ലഭിച്ച കിറ്റുകള്‍ നാം ശ്രദ്ധയോടെ വിനിയോഗിച്ചു. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ കൂടുതല്‍ ടെസ്റ്റിന്റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചു. ദിവസം ശരാശരി 3,000 ടെസ്റ്റുകളാണ് ഇനി ചെയ്യുന്നത്.

ടെസ്റ്റ് ചെയ്യുന്നതിന് അതിന് ഐസിഎംസിആറിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ നാം തീരുമാനിച്ചിരുന്നു. എന്നാല്‍, ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അതു ഉപയോഗിക്കേണ്ടെന്ന് അവര്‍ തന്നെ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി. അതുകാരണമാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നത്.

സമൂഹത്തില്‍ രോഗം പടരുന്നുണ്ടോ എന്നറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് കേരളം നല്ല നിലയില്‍ നടത്തുന്നുണ്ട്. അങ്ങനെയാണ് സമൂഹവ്യാപനമുണ്ടായില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയത്. എന്നാല്‍, ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നത്.

കണക്കുകൾ പൂഴ്‌ത്തിവച്ചിട്ടില്ല

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പൂഴ്‌ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. കണക്കുകൾ പൂഴ്‌ത്തിവച്ചതിനു കേന്ദ്രം ചില സംസ്ഥാനങ്ങളെ വിമർശിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എന്തായാലും കേരളമില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ കുറിച്ച് കേന്ദ്രത്തിനു നല്ല കാര്യങ്ങൾ മാത്രമേ പറയാനൂള്ളൂ. സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറവാണെന്നും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനതോത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്‌ച പൊതുശുചീകരണ ദിവസം

ഞായറാഴ്‌ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണം. കൂടുതൽ വിപുലമായി നടത്താനാവണം. കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് എന്നീ തീയതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തും.

ജനപ്രതിനിധികള്‍, കുടുംബശ്രീ-ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍, സന്നദ്ധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. മെയ് 30, ജൂണ്‍ ആറ് എന്നീ ദിവസങ്ങളില്‍ പൊതു ഇടങ്ങളാണ് വൃത്തിയാക്കേണ്ടത്. മെയ് 31നു പുറമെ ജൂണ്‍ ഏഴും വീടും പരിസരവും വൃത്തിയാക്കാനായി മാറ്റിവെക്കണം.

സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കും

സാധാരണയേക്കാൾ കൂടുതൽ മഴ ഇത്തവണ സംസ്ഥാനത്ത് ലഭിക്കുമെന്ന് മുഖ്യമന്ത്രി. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കും. കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

പ്രവാസികളുടെ ചെലവ്

സംസ്ഥാനത്ത് എത്തുന്ന പ്രവാസികളുടെ ചെലവ് വഹിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഉത്തരവ് ഇറങ്ങുന്നതുവരെ എല്ലാ പ്രവാസികളുടെയും ചെലവ് സർക്കാർ തന്നെയാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധസേന അംഗത്വം 3.37 ലക്ഷമായി

സാമൂഹിക സന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തില്‍, പൊലീസിനൊപ്പം പട്രോളിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അവര്‍ ഇപ്പോള്‍ പങ്കാളികളാണ്. ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം അവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചുവരികയാണ്. വയോജനങ്ങളെ സഹായിക്കുന്ന വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ടും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

ദുരന്ത പ്രതികരണത്തില്‍ യുവജനശക്തിയെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ആദ്യം സാമൂഹിക സന്നദ്ധസേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇതിനകം തന്നെ 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

മിക്കവാറും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധസേനയുടെ സാന്നിധ്യമുണ്ട് എന്നത് സവിശേഷതയാണ്. കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികളുമായി വളണ്ടിയര്‍മാര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ദുരന്തപ്രതികരണ രംഗത്ത് ഫയര്‍ ആന്റ് റസ്‌ക്യൂ സേനയോടും പൊലീസിനോടും ഒപ്പം ഇവര്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ അവര്‍ക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും.

വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും ആദ്യഘട്ടത്തില്‍. ജൂണ്‍ 15നു മുമ്പ് 20,000 പേര്‍ക്ക് പരിശീലനം നല്‍കും. ജൂലൈ മാസം 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.

മഴക്കാലത്തെ കെടുതികള്‍ നേരിടുന്നതിനും വളണ്ടിയര്‍ സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ശുചീകരണത്തില്‍ മറ്റു വിഭാഗങ്ങളോടൊപ്പം സന്നദ്ധസേന വളണ്ടിയര്‍മാരും രംഗത്തുണ്ടാകും. കോവിഡ് 19 രോഗത്തില്‍ നിന്ന് പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കുന്നതിലും (റിവേഴ്‌സ് ക്വാറന്റൈന്‍) സേനയക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കാണുന്നത്.

2018ലെ മഹാപ്രളയത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കിയത്. സാമൂഹിക സന്നദ്ധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ മാതൃകയായിരിക്കും ഈ സേന എന്ന കാര്യത്തില്‍ സംശയമില്ല. സേവനതല്‍പരതയോടെ ഈ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ വളണ്ടിയര്‍മാരെയും സര്‍ക്കാരിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.