തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കേ കോവിഡ്-19 ബാധിച്ച് മരിച്ച വൈദികന്റെ ശവസംസ്‌കാരം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വൈകുന്നു. ഇന്നലെ മരിച്ച വൈദികനായ നാലാഞ്ചിറ സ്വദേശി ഫാദര്‍ കെ ജി വര്‍ഗീസിന്റെ (77) സംസ്‌കാരമാണ് വൈകുന്നത്.

വട്ടിയൂര്‍ക്കാവ് മലമുകള്‍ പള്ളിയിലെ സെമിത്തേരിയില്‍ സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കേസുള്ള സ്ഥലത്ത് സംസ്‌കാരം നടത്താനാകില്ലെന്ന് ഹൈക്കോടതിയുടെ വിധിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലാ കളക്ടറടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുന്നു.

അതേസമയം, വൈദികന് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് കണ്ടെത്താന്‍ വിപുലമായ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ടൈന്നും പരിശോധനകള്‍ നടന്നു വരികയാണെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് മോഹന്‍ റോയ് പറഞ്ഞു.

വാഹനാപകടത്തില്‍ പരുക്കേറ്റ് ഒന്നരമാസമായി ചികിത്സയില്‍ കഴിയവേ മരിച്ച വൈദികന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികളിലായി 19 ഡോക്ടര്‍മാരും 13 ജീവനക്കാരും നിരീക്ഷണത്തില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 10 പേരും പേരൂര്‍ക്കട ആശുപത്രിയിലെ ഒൻപതു പേരുമാണ് നിരീക്ഷണത്തിലായത്. കൂടാതെ, പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടയ്ക്കുകയും ചെയ്തു. 43 ദിവസം രണ്ട് ആശുപത്രികളിലുമായി ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന് ആശുപത്രിയില്‍ കൂട്ടിരുന്ന മകനും മകളുടെ മകനും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

Read Also: കോവിഡ്-19: രാജ്യത്ത് പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്ക് കുറയുന്നു

കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ഡൈനാമിക്കാണെന്നും കൂടുതല്‍ പേരെ കണ്ടെത്തുന്നതിന് അനുസരിച്ച് അത് മാറുമെന്നും സൂപ്രണ്ട് പറഞ്ഞു.

ബൈക്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട നാലാഞ്ചിറ സ്വദേശിയായ ഫാദര്‍ കെ.ജി.വര്‍ഗീസ് (77) മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പേരൂര്‍ക്കട ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഏപ്രില്‍ 20-നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ന്യൂറോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ജൂണ്‍ രണ്ടിന് രാവിലെയോടെ മരിച്ചു. ഉച്ചയ്ക്കാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള ഫലം വന്നത്.

Read Also: ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനം: ചീഫ് സെക്രട്ടറി

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കഴുത്തില്‍ ട്യൂബ് ഇട്ടു. തലയിലെ പരുക്ക് ഭേദമായതിനെ തുടര്‍ന്ന് മേയ് 20 ഓടെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മേയ് 30-ന് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പാളയത്ത് ഒരു വൈദികന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് വാങ്ങിയാണ് അദ്ദേഹം കയറിയത്. ബൈക്ക് ഹമ്പില്‍ കയറിയപ്പോള്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് അദ്ദേഹം തെറിച്ചുവീണാണ് അപകടമുണ്ടായത്.

മാര്‍ച്ച് 31-ന് മരിച്ച ജില്ലയിലെ പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റേത് പോലെ പട്ടിക തയ്യാറാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. വൈദികന്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിച്ചവര്‍ മുതല്‍ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വരെ ഈ പട്ടികയിലുണ്ടാകും.

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ മേയ് 20 വരെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നുവെന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

“തുടര്‍ ചികിത്സയ്ക്കായി രോഗിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഹൃദയമിടിപ്പിലുള്ള വ്യതിയാനത്തെ തുടര്‍ന്നും ശ്വാസ തടസം ഉണ്ടായതുകൊണ്ടും രക്ത സമ്മര്‍ദം കുറഞ്ഞതിനാലും മേയ് 31നാണ് വീണ്ടും ഫാ. കെ.ജി. വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കി. തലച്ചോറിലെ രക്തസ്രാവം, ഹൃദയമിടിപ്പിലെ വ്യതിയാനം, ന്യൂമോണിയ, രക്തത്തിലെ അണുബാധ, വൃക്കകളുടെ തകരാര്‍ എന്നിവയും ഉണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇന്ന് രാവിലെ 5.20ന് മരണമടയുകയായിരുന്നു. ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്രവങ്ങള്‍ കോവിഡ് പരിശോധനയ്ക്കായി അയച്ചത്,” ബുള്ളറ്റിന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.