തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രതയിലേക്കെത്തിയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് ദിവസങ്ങളായി 20 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 111 കോവിഡ് ക്ലസ്റ്ററുകളാണ് വിവിധ ജില്ലകളിലായി രൂപപ്പെട്ടത്. രോഗികള്‍ കൂടുതല്‍ ഉള്ള ലാര്‍ജ കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ 15 ആയും ഉയര്‍ന്നിട്ടുണ്ടെന്നും ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന കോഴിക്കോടാണ് കൂടുതല്‍ ക്ലസ്റ്ററുകള്‍. ജില്ലയില്‍ ആറ് ലാര്‍ജ് ക്ലസ്റ്ററുകളാണ് ഉള്ളത്. എപ്രില്‍ മാസം രൂപം കൊണ്ടവയാണ് എല്ലാം എന്നത് രോഗവ്യാപന തോതിനെ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം കുലശേഖരപുരത്ത് വിവിധ വാര്‍ഡുകള്‍ ചേര്‍ന്ന ലാര്‍ജ് ക്ലസ്റ്ററില്‍ 197 രോഗികളാണ് ഉള്ളത്.
Also Read: സംസ്ഥാനത്തെ ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു
ആദ്യ തരംഗത്തില്‍ തിരുവനന്തപുരം ജില്ലയാണ് ആശങ്കപ്പെടുത്തിയിരുന്നത്. ജില്ലയിലെ തീരദേശ മേഖലയില്‍ നിയന്ത്രണാതീതമായി കോവിഡ് പടര്‍ന്നു. പുല്ലുവിള, പൂന്തുറ തുടങ്ങിയ പ്രദേശങ്ങളില്‍ സമൂഹവ്യാപനം നടന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തവണ നഗരപ്രദേശങ്ങളിലേക്കും മഹാമാരി പടരുകയാണ്. എറണാകുളം ജില്ലയിലാണ് രൂക്ഷം. തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളില്‍ പ്രതിദിന കേസുകള്‍ 3000 കടന്ന സാഹചര്യമാണ്.