കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ കൂടുതല്‍ കരുതലോടെ കോഴിക്കോട്. ജില്ലയിലെ തിരക്കുള്ള കോടതികള്‍ ആറാം തീയതി വരെ നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതി നിർദേശം. നിപ്പ ബാധയുടെ സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്‌ക്കണമെന്ന് കലക്ടര്‍ ഹൈക്കോടതിയോട് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

മജിസ്ട്രേറ്റ് കോടതികളും കുടുംബ കോടതികളും ഈ മാസം ആറു വരെ നിര്‍ത്തിവയ്‌ക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷം ശനിയാഴ്‌ച ചേരുന്ന അസോസിയേഷന്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാര്‍ വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി.മധുസൂദനന്‍ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതോടെയാണ് കോടതി നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചത്. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം, നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ