പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തളളി. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് 52 വയസായ സ്ത്രീയെ അക്രമിച്ച കേസിലാണ് ജാമ്യാപേക്ഷ തളളിയത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഒന്നാം പ്രതി സൂരജ് അടക്കമുളളവരുടെ ജാമ്യാപേക്ഷ കോടതി തളളി. സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചതിനും ഗൂഢാലോചനയ്ക്കും ആണ് സുരേന്ദ്രനെതിരെ കുറ്റം ചുമത്തിയത്.

സുരേന്ദ്രനെ വാറണ്ടില്ലാതെ അനധികൃതമായി തടങ്കലിൽ വച്ചു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ സുരേന്ദ്രന് കണ്ണൂര്‍ ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഉണ്ടായിരുന്നു എന്നു കാണിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസ് വാദിച്ചു. ഇതിലും വാദം കേട്ട ശേഷമാണ് ഇന്ന് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസിലാണ് കഴിഞ്ഞ ദിവസം സുരേന്ദ്രന് ജാമ്യം ലഭിച്ചത്.

അതേസമയം, കസ്റ്റഡിയില്‍ തന്നെ പീഡിപ്പിക്കുന്നതായി കെ.സുരേന്ദ്രന്‍ ആരോപിച്ചു. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വിളിച്ച് പറഞ്ഞത്. ജനാധിപത്യപരമായി ഒരു പൗരന് ലഭിക്കേണ്ട അവകാശം തനിക്ക് ലഭിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകാരായ എംഎല്‍എമാര്‍ക്ക് പരവതാനി വിരിക്കുന്ന സര്‍ക്കാരാണ് തന്റെ അവകാശം നിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.