കൊച്ചി: യുവതികൾ മർദിച്ച യൂബർ ടാക്സി ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസിന്റെ നടപടികളിൽ പൊലീസിന് കോടതിയുടെ വിമർശനവും ഏൽക്കേണ്ടി വന്നു. എന്തടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ കേസെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് യൂബർ ഡ്രൈവർ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഇതിനുപിന്നാലെ പ്രതിഷേധം ശക്തമായി. തുടർന്ന് ഷെഫീഖിനെതിരെ കേസെടുത്തിനെക്കുറിച്ച് അന്വേഷിക്കാൻ മധ്യമേഖലാ ഐജി നിർദേശിച്ചു.
കഴിഞ്ഞയാഴ്ചയാണ് എറണാകുളം വൈറ്റില ജംങ്ഷനിൽവച്ച് ഷെഫീഖിനെ മൂന്നു യുവതികൾ ചേർന്ന് മർദിച്ചത്. കരിങ്കല്ല് കൊണ്ട് തലയ്ക്കിടിക്കുകയും ഷെഫീഖിന്റെ വസ്ത്രം വലിച്ചുകീറുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതികൾക്കെതിരെ കേസെടുത്ത് വിട്ടയയ്ക്കുകയായിരുന്നു.