Latest News

പ്രതികൾക്കെതിരെ തെളിവ് എവിടെ? സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിക്ക് കോടതിയുടെ വിമർശനം

20 തവണ പ്രതികൾ സ്വർണ്ണം കടത്തിയെന്നും 21-ാം തവണ സ്വർണ്ണക്കടത്തിന് ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്നും ഇ.ഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. കേവലം കുറ്റസമ്മത മൊഴി മാത്രമാണിത്

enforcement,സ്വര്‍ണ്ണക്കടത്ത്,gold smuggling,കോടതി,court

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് തെളിവില്ലെന്ന് വിചാരണക്കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നും മൂന്നും പ്രതികളായ സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഇന്നാണ് പുറത്തുവന്നത്.

20 തവണ പ്രതികൾ സ്വർണ്ണം കടത്തിയെന്നും 21-ാം തവണ സ്വർണ്ണക്കടത്തിന് ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്നും ഇ.ഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. കേവലം കുറ്റസമ്മത മൊഴി മാത്രമാണിത്. ഇതിന് മറ്റ് തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 21-ാം തവണ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയതിനാൽ ഇതുപയോഗിച്ച് സ്വത്ത് സമ്പാദിക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല.അതിനാൽ കളളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

സ്വർണ്ണക്കടത്തിന് തെളിവെവിടെ എന്ന് നേരത്തെ പല ഉത്തരവുകളിലും കോടതി ചോദിച്ചിരുന്നു. മാത്രമല്ല, കേസന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതി സന്ദീപ് നായർ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് സന്ദീപ് നായർ എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് പരാതി അയച്ചിരുന്നു. പരാതി അടുത്ത മാസം കോടതി പരിഗണിക്കാനിരിക്കെയാണ് സ്വർണ്ണക്കടത്തിന് തെളിവ് ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞില്ലെന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിരീക്ഷണം.

സന്ദീപ് നായർ, സരിത് എന്നിവർക്ക് ഇന്നലെയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റസമ്മതമൊഴിയെ തെളിവായി കണക്കാകാനാകില്ലെന്ന സുപ്രീം കോടതി വിധി കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി സന്ദീപിനും സരിത്തിനും ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ട് പ്രതികളായ സ്വപ്ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Court seeks evidence against accused in gold smuggling case

Next Story
പള്ളി പുനര്‍നിര്‍മ്മാണത്തിനിടെ മയില്‍ മുട്ടയിട്ടു, ഇനി വിരിഞ്ഞിട്ടു മതി ബാക്കിയെന്ന് നാട്ടുകാര്‍peahens , peacock
The moderation of comments is automated and not cleared manually by malayalam.indianexpress.com