കൊച്ചി: മുന്‍ എംഎല്‍എ പി. സി. ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന. ഇരാറ്റുപേട്ടയിലെ വസതിയിലാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ പി സി ജോര്‍ജിനെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയും. അതേസയം, സെഷന്‍സ് കോടതി ഉത്തരവിനെതിരെ ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
നേരത്തെ, തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലും ജോര്‍ജ് സമാന പരാമര്‍ശം നടത്തിയിരുന്നു. ഇതുസംബന്ധിച്ച കേസില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഇതിനുപിന്നാലെയാണു വെണ്ണലയില്‍ നടന്ന പരിപാടിയിലെ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടായത്. ഇതിനെതിരെ പരാതിയുണ്ടായതോടെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റിലേക്കു കടന്നിരുന്നില്ല. ആദ്യ കേസില്‍ അറസ്റ്റ് നടപടിയുണ്ടായ സാഹചര്യത്തിലാണു രണ്ടാമത്തേതിൽ ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Also Read: കോട്ടയം ഇരട്ടപ്പാത നിർമാണം; 28 വരെ ട്രെയിൻ നിയന്ത്രണം, 21 എണ്ണം റദ്ദാക്കി
തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലേതിനു സമാനമായ പരാമര്‍ശം ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെയും മനപ്പൂര്വമാണെന്നാണു മുന്‍കൂര്‍ ജ ാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരത്തെ കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരത്തെ കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി പൊലീസ് നല്കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ജോര്‍ജിനെതിരെ കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി തിങ്കളാഴ്ച കാണും. പ്രസംഗം കോടതി മുറിയില്‍ പ്രദര്ശിപ്പിക്കുന്നതിനു തിങ്കളാഴ്ച ഉച്ചയ്ക്കു 12നു സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിനു കോടതി നിര്‍ദേശം നല്കി.