കൊച്ചി: പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കലക്ടര്‍ ഉടന്‍ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ വികാരിക്കു കൈമാറണം. ആരാധനയ്ക്കു തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കാനും എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു.
താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറരുതെന്ന യാക്കോബായ പക്ഷത്തിന്‌റെ തടസവാദങ്ങള്‍ തള്ളിയാണു കോടതിയുടെ ഉത്തരവ്. സംസ്‌കാരച്ചടങ്ങുകള്‍ വികാരിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
ചട്ടങ്ങള്‍ പ്രകാരം താക്കോല്‍ കൈമാറാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹെെക്കോടതിക്ക് അധികാരമില്ലെന്നും സിവില്‍ തര്‍ക്കമായതിനാല്‍ ബന്ധപ്പെട്ട കീഴ്‌ക്കോടതിക്കേ അധികാരമുള്ളൂവെന്ന സാങ്കേതിക വാദമാണ് യാക്കോബായ പക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ ബോധവാന്‍മാരാണെന്നു കോടതി ചൂണ്ടിക്കാട്ടി.
സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതാണെന്നും മേല്‍ക്കോടതി വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. നിയമ വാഴ്ച ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. നിയമനടപടികള്‍ അട്ടിമറിക്കാനുള്ള ഒരുവിഭാഗത്തിന്‌റെ ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് എഎം ഷെഫീഖ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. കേസ് അടുത്തമാസം 13ന് വീണ്ടും പരിഗണിക്കും.