ഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡല്‍ഹി റോസ് അവന്യൂ കോടതി 16നു വീണ്ടും പരിഗണിക്കും. നേരത്തെ ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടുവെന്ന തെറ്റായ വാർത്ത പുറത്തുവന്നിരുന്നു.
ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടുവെന്നായിരുന്നു ഹർജി നൽകിയ അഡ്വ. ജി.എസ്. മണിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കോടതി ഉത്തരവിൽ കേസ് 14-ലേക്കു മാറ്റുന്നുവെന്നു മാത്രമാണു പറഞ്ഞിരുന്നത്. ഇതേത്തുടർന്ന് അഡ്വ. ജി.എസ് മണി കോടതി മുൻപാകെ മാപ്പപേക്ഷിച്ചിരുന്നു.
ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ജി എസ് മണി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിൽ നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രോഹ കേസെടുക്കാൻ ഡൽഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും അഭിഭാഷകൻ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കശ്മീര്‍ യാത്രയ്ക്കിടെയുള്ള കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീര്‍’, ‘ആസാദ് കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. പരാമര്‍ശം വിവാദമാകുകയും സി പി എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെയാണു ജലീല്‍ വരികള്‍ പിന്‍വലിച്ചിരുന്നു.
”നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു,” എന്നാണു ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആര്‍ ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയത്.