കൊച്ചി: ഭൂമി കയ്യേറ്റ കേസില്‍ വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയടക്കമുളളവർ നൽകിയ ഹർജികൾ പിൻവലിച്ചു. നാല് ഹർജികളാണ് പിൻവലിച്ചത്. എന്നാൽ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന കുറ്റത്തിന് എല്ലാവർക്കും കോടതി പിഴ വിധിച്ചു.
തോമസ് ചാണ്ടിയും മറ്റുളളവരും 25,000 രൂപ വീതം കേരള ഹൈക്കോടതിയിൽ പിഴയൊടുക്കണം. കേസിൽ തിങ്കളാഴ്ച വിധി പറയാനൊരുങ്ങുകയായിരുന്നു കോടതി. കേസ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് കേസ് പിൻവലിക്കപ്പെട്ടത്. ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് എല്ലാ അവകാശവും ഉണ്ടെന്ന് കോടതി പറഞ്ഞു.
എന്നാൽ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ് തോമസ് ചാണ്ടി അടക്കമുളളവർ ചെയ്തതെന്നാണ് ഹൈക്കോടതി പറഞ്ഞത്. പരാതിക്കാരുടെ നടപടി നല്ല കീഴ്‌വഴക്കം അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയും മറ്റ് ഹർജിക്കാരും പത്ത് ദിവസത്തിനുളളിൽ കോടതിയിൽ പിഴയൊടുക്കണമെന്നും നിർദേശിച്ചു.