കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവുമുള്ളതെന്നു ചൂണ്ടിക്കാട്ടി ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. ശ്രീജിത്ത് മരണക്കേസില്‍ ദീ​​​പ​​​ക് നാ​​​ലാം പ്ര​​​തി​​​യാ​​​ണ്.

കഴിഞ്ഞ ദിവസം ദീപക്കിനെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നു ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പിൽ വെച്ച് മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതിയെ ജാമ്യത്തിൽ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയിൽ നിലപാടെടുത്തു.

ശ്രീജിത്തിനെ ദീപക് ദേഹോദ്രപവം ഏൽപ്പിച്ചതായും ജാമ്യം ലഭിച്ചാൽ ഇയാൾ കേസിലെ തെളിവുകൾ നശിപ്പിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദീപക്കിനെ പിന്നീട് ആലുവ ജില്ലാ ജയിലിലെത്തിച്ചു.
ഇയാൾക്കെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വെക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശ്രീജിത്തിനെ വീട്ടിലെത്തി കസ്​റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ അറസ്​റ്റ്​ ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികൾ. ശ്രീജിത്തിനെ എസ്.ഐ ദീപക് സ്​റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തിൽത്തന്നെ ആരോപണമുണ്ടായിരുന്നു. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് നിര്‍ണായകമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.