ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശം.കെ.കെ.മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയില്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടേതാണ് ഉത്തരവ്.
വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി, മാനേജര്‍ കെ.എല്‍.അശോകന് എന്നിവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനകണ് കോടതി നിര്‍ദേശം നല്‍കിയത്. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെയും പരാമര്‍ശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.
2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യൂണിയന് ഓഫിസില്‍ മഹേശനെ (54) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ.
മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്തദിവസമായിരുന്നു മഹേശന് ആത്മഹത്യ ചെയ്തത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയില്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു.