തൃശൂർ: ഡി സിനിമാസ് തിയേറ്റർ ഭൂമി കൈയ്യേറി നിർമ്മിച്ചതെന്ന വിവാദത്തിൽ ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തളളി. കേസെടുത്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. ഭൂമി കൈയ്യേറിയിട്ടില്ലെന്ന വിജിലൻസിന്റെ റിപ്പോർട്ട് അതേപടി എടുക്കാനാവില്ലെന്നും ഒറ്റനോട്ടത്തിൽ കൈയ്യേറ്റം ഉണ്ടെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് തിയേറ്റർ നിർമ്മിച്ചത് സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കൈയ്യേറി അല്ലെന്നായിരുന്നു വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി കേസെടുക്കാൻ ഇപ്പോൾ ഉത്തരവിട്ടത്.
ഡി സിനിമാസ് ഭൂമിയിൽ കൈയ്യേറ്റം നടന്നുവെന്നു കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് ആണ് നേരത്തെ പൊതുതാൽപര്യ ഹർജി നൽകിയത്. ഡി സിനിമാസ് നിലനിൽക്കുന്ന ഭൂമി കുറേ വർഷങ്ങൾക്കുമുൻപ് കൊട്ടാരം വകയായിരുന്നുവെന്നും ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് ഹർജിയിൽ പറഞ്ഞത്. ഹർജി പരിഗണിച്ച കോടതി വിജിലൻസിനോട് ത്വരിതാന്വേഷണം നടത്താൻ ഉത്തരവിട്ടു. എന്നാൽ ദിലീപ് ഭൂമി കൈയ്യേറിയിട്ടില്ലെന്നായിരുന്നു വിജിലൻസ് നൽകിയ റിപ്പോർട്ട്.