കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ഷിയാസ് കുഞ്ഞുമുഹമ്മദിന് നോട്ടീസയച്ചു. സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പരിപാടിയുടെ കോ ഓർഡിനേറ്റർ പെരുമ്പാവൂർ വെങ്ങോല സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ചോദ്യം ചെയ്യുന്നതിന് വിലക്കില്ല. നടപടിക്രമം പാലിച്ചുവേണം ചോദ്യം ചെയ്യാൻ. ക്രിമിനൽ ചട്ടം 41 (A) പ്രകാരം നോട്ടീസ് നൽകി വേണം ചോദ്യം ചെയ്യലിന് വിളിപ്പിക്കാനെന്നും കോടതി നിർദേശിച്ചു.
Read More: സാമ്പത്തിക തട്ടിപ്പ് കേസ്: ജാമ്യം തേടി സണ്ണി ലിയോൺ കോടതിയിൽ
സംഘാടകരുടെ വീഴ്‌ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സണ്ണി ലിയോൺ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് സണ്ണി ലിയോണും കേസിലെ മറ്റുപ്രതികളായ സണ്‍സിറ്റി മീഡിയ പ്രതിനിധികളും ഹൈക്കോടതിയെ സമീപിച്ചത്.
സംഘാടകര്‍ പലതവണ പരിപാടി മാറ്റിവച്ചു. പിന്നീട് ബഹ്‌റൈനിൽ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019-ലെ പ്രണയദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാന്‍ കാരണമെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് നടിയുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. 2018 മേയ് 26ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡാൻസ് ഫിനാലെയിൽ പങ്കെടുക്കുന്നതിനാണ് സംഘാടകർ നടിയുമായി ധാരണയായത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നടിയുടെ അനുമതിയോടെ പരിപാടി ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രതിഫലം 30 ൽ നിന്ന് 25 ലക്ഷമായി കുറച്ചു. 19 ലക്ഷം അഡ്വാൻസ് കൈപ്പറ്റി. 2019 ഫെബ്രുവരിയിൽ അങ്കമാലിയിൽ പരിപാടി നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ പ്രമോഷന് എത്താമെന്ന് സമ്മതിച്ചെങ്കിലും എത്തിയില്ല.
പരിപാടിയുടെ തലേന്ന് കൊച്ചിയിൽ എത്തിയെങ്കിലും പങ്കെടുക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്തെന്നും വഞ്ചിച്ചെന്നുമാണ് ആരോപണം. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായെന്നും രണ്ടരക്കോടി നഷ്‌ടമുണ്ടായെന്നുമാണ് പരാതി. പരിപാടി നടക്കാതിരുന്നത് തന്റെ കുറ്റം കൊണ്ടല്ലെന്നും അഞ്ച് തവണ തിയതി നീട്ടി നൽകിയെന്നും സണ്ണി ലിയോൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഹർജി കോടതി നാളെ പരിഗണിച്ചേക്കും.