തിരുവനന്തപുരം: കുട്ടികളടക്കം ഇരുചക്രവാഹനത്തില്‍ മൂന്ന് പേരുടെ യാത്രയില്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ എഐ ക്യാമറകളുടെ പരിശോധനകളെ കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പിഴ ഈടാക്കുന്നതില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും എന്നാല്‍ നിയമത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കുമെന്നുമാണ് റിപോര്‍ട്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയപ്രകാരം ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടൂള്ളൂ. എന്നാല്‍ പിഴ ഒഴിവാക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിച്ചേക്കും.
നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കാനോ സാധിക്കില്ല. ഗതാഗത ലംഘനം കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ ഇരുചക്രവാഹനമുള്ള ദമ്പതിമാര്‍ യാത്രയില്‍ കുട്ടികളെ ഒഴിവാക്കേണ്ടി വരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും കാരണമായിരുന്നു.