ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെ. സുരേഷ് (29) എന്നയാളും യുവതിയുമാണ് മരിച്ചത്. പോക്കറ്റില്‍ നിന്നും കിട്ടിയ ട്രെയിന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഒക്ടോബര്‍ 13നാണ് വീട് വിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല.
ഇരുവരുടെയും മുഖം വഴി ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂടാതെ ഇവരുടെ ഫോണുകളിലെ വിവരങ്ങളും മായ്ച്ചു കളഞ്ഞിട്ടുണ്ട്.
ഹോട്ടല്‍ മുറിയില്‍നിന്നും യുവാവ് എഴുതിയതെന്ന് കരുതുന്ന മലയാളത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അമ്മയോട് മാപ്പു ചോദിക്കുന്നതായും കുറിപ്പില്‍ പറയുന്നു. മുറി അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നെന്നും ആരെങ്കിലും അതിക്രമിച്ച് കടന്നതായുളള സൂചനകളൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഹോട്ടല്‍ അമന്‍ ഡീലക്സില്‍ മുറി എടുത്തവര്‍ വാതില്‍ തുറക്കുന്നില്ലെന്ന് കാണിച്ചാണ് പൊലീസിന് ഫോണ്‍ കോല്‍ വന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പൊലീസ് മുറി തുറന്നപ്പോഴാണ് 27 കാരിയായ യുവതിയേയും 29കാരനായ യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളളിയാഴ്ച്ച രാവിലെ 8.30ഓടെയാണ് ഇവര്‍ ഹോട്ടലിലെത്തിയത്.
രാവിലെ 9.30ഓടെ ഭക്ഷണവും ചായയും ഓര്‍ഡര്‍ ചെയ്തതിന് അനുസരിച്ച് ജീവനക്കാരന്‍ ഭക്ഷണം മുറിയിലെത്തിച്ചിരുന്നു. എന്നാല്‍ ഈ ഭക്ഷണം കഴിക്കാതെ തന്നെ മുറിയില്‍ നിന്നും കണ്ടെത്തി. സുരേഷ് ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പൊലീസ് ഇയാളുടെ ബന്ധക്കളെ ബന്ധപ്പെട്ടിണ്ടുണ്ട്.