കൊച്ചി: ശബരിമല വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ആവശ്യപ്പെട്ട 25000 രൂപ പിഴ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ അടച്ചു. കേരള ഹൈക്കോടതി ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജനുവരി ഏഴിനാണ് പിഴ അടച്ചത്.

കേസിൽ നേരത്തെ അപ്പീൽ പോകുമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നത്.  കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനാണ് 25000 രൂപ പിഴയടയ്ക്കാൻ കോടതി ആവശ്യപ്പെട്ടത്. കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ മാപ്പുപറഞ്ഞ് ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചിരുന്നു.

കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ച 39389 നമ്പർ റിട്ട് പെറ്റിഷനിലാണ് പിഴയടക്കാൻ കോടതി ശിക്ഷിച്ചത്. ഈ കേസ് നമ്പറിൽ പിഴ ഒടുക്കിയതിന്റെ രശീതിയുടെ പകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

അനാവശ്യ വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നാണ് ഹർജി പരിഗണിച്ച കോടതി പറഞ്ഞത്. ശോഭാ സുരേന്ദ്രന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ബെഞ്ച് വിമർശിച്ചിരുന്നു.

ഹർജിക്കാരിയുടേത് ദോഷകരമായ വ്യവഹാരമാണ്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി  കോടതിയെ ഉപയോഗിക്കരുത്. പരീക്ഷണ വ്യവഹാരവുമായി വരേണ്ട സ്ഥലമല്ല ഇതെന്നും കോടതി ശാസിച്ചു. ഇതോടെയാണ് അഭിഭാഷകൻ മാപ്പു പറഞ്ഞ് കേസ് പിൻവലിച്ചത്. എന്നാൽ നീതിപീഠത്തെ ദുരുപയോഗം ചെയ്തതിന് മാപ്പു പറഞ്ഞതു കൊണ്ടായില്ലെന്നു വ്യക്തമാക്കിയ കോടതി 25000 രൂപ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ പിഴയടക്കാൻ ആവശ്യപ്പെടുകയായിരുന്നു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ