scorecardresearch
Latest News

പിടിവിട്ട ചൈനീസ് ഉപഗ്രഹം മണിക്കൂറുകള്‍ക്കകം ഭൂമിയില്‍ പതിക്കും; ‘തലയില്‍ കൈവച്ച്’ മലയാളിയും

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് 1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്

tiangong

ലണ്ടന്‍: ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ സ്വപ്നം നിലവിട്ട് ഇന്ത്യക്കാരുടെ തലയിലേക്ക് പതിച്ചേക്കാം എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം മണിക്കൂറുകള്‍ക്കകം ഭൂമിയിലേക്ക് പതിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2016ല്‍ നിയന്ത്രണം നഷ്ടമായ ഈ നിലയം തിങ്കളാഴ്ചയ്ക്കുളളില്‍ ഭൂമിയില്‍ പതിക്കും.

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് 1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്. വന്‍ശക്തികളായ റഷ്യക്കും അമേരിക്കയ്ക്കും ഒപ്പം എത്താനാണ് ചൈന തങ്ങളുടെ വലിയ സ്വപ്നമായ ടിയാന്‍ഗോങ് 1 വിക്ഷേപിച്ചത്. 1979ല്‍ തകര്‍ന്നു വീണ നാസയുടെ സ്‌കൈലാബ് ആണ് ഇതിനുമുമ്പ് ഭൂമിയില്‍ പതിച്ച ബഹിരാകാശനിലയം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്‌കൈലാബിന്റെ ചില ഭാഗങ്ങള്‍ പതിച്ചിരുന്നു.

ടിയാന്‍ഗോങ് 1, ശനിയാഴ്ചയോ ഞായറാഴ്ചയോ ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നുമെന്നാണ് ഇഎസ്‌യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാൽ നിലയം ഭൂമിയിൽ ഏത് ഭാഗത്ത് പതിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്ത് വിട്ട അപകട മേഖല

വിഷയത്തിൽ മലയാളികളും ഭയക്കേണ്ടിയിരിക്കുന്നു. ടിയാന്‍ഗോങ് 1 പതിക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളിൽ കേരളവുമുണ്ട്. തുര്‍ക്കി, ഇന്ത്യ, ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് സാധ്യതയെന്ന് യൂറോപ്യന്‍ ശാസ്ത്രജഞര്‍ വിലയിരുത്തുന്നു. ഏഞ്ചലസ്, ന്യൂയോര്‍ക്ക്, മിയാമി, റോം, മുംബൈ, ബീജിങ്, ടോക്കിയോ, ബാങ്കോക്ക്, റിയോ, കേപ്ടൗൺ, സിഡ്‌നി എന്നിവയൊക്കെ അപകടമേഖലയാണെന്ന് പറയുന്ന ശാസ്ത്രജ്ഞരുണ്ട്. അതേസമയം, പ്രധാന നഗരങ്ങളിലുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയിലെത്താനെടുക്കുന്ന സമയം കൊണ്ട് നിലയം എരിഞ്ഞ് തീര്‍ന്ന് തീരെ ചെറുതാകുമെന്നും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.

എന്താണ് ടിയാൻഗോങ്?

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു.

2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ‌ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയി മാറുമെന്നും കരുതിയിരുന്നു. അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി.

പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും.

2003 ലാണ് ആദ്യമായി ചൈന ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്നത്. 2013 ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 സ്‌പേസ് ലബോറട്ടറിയില്‍ ചിലവഴിച്ചിരുന്നു. ടിയാന്‍ഗോങ് 1ന്റെ പരാജയത്തെ തുടർന്നും ചൈന വെറുതെ ഇരിക്കാൻ തീരുമാനിച്ചിട്ടില്ല. ടിയാന്‍ഗോങ് 1 പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് 2016 സെപ്റ്റംബറിൽ ചൈന ടിയാന്‍ഗോങ് 2 സ്ഥാപിച്ചിട്ടുണ്ട്. ടിയാന്‍ഗോങ് 2ലേക്ക് രണ്ട് ബഹിരാകാശ യാത്രികരേയും ചൈന അയച്ചിരുന്നു.

ടിയാൻഗോങിന് മുൻപേ സ്‌കൈലാബ്

വർഷങ്ങൾക്കു മുൻപ് 1979ൽ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം ‘സ്കൈലാബ്’ വീഴാനൊരുങ്ങിയപ്പോഴുണ്ടായ അതേ ആശങ്കയിലാണ് ഇപ്പോൾ ലോകം. 77,111 കിലോഗ്രാം ഭാരമുള്ള സ്കൈലാബ് എവിടെ വീഴുമെന്ന് അവസാന നിമിഷം വരെ ആർക്കും അറിയില്ലായിരുന്നു. ഭൂമിയിലേക്ക് സ്കൈലാബ് പതിക്കാനൊരുങ്ങിയ 1979 ജൂലൈ 11ന് കേരളത്തില്‍ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി നൽകി. അടിയന്തര നടപടികളെടുക്കാൻ പൊലീസും അഗ്നിമശമനസേനയും ആശുപത്രികളും ഒരുങ്ങി നിന്നു. ബോംബെയിലാണ് സ്കൈലാബ് പതിക്കുകയെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കു വണ്ടി കയറിയത്.

ഭൂമിയിലെത്തും മുൻപ് കത്തിത്തീരുമെന്ന് കരുതിയെങ്കിലും സ്കൈലാബ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ഈ ബഹിരാകാശ നിലയത്തിന്റെ 24 ഭാഗങ്ങളെങ്കിലും ഓസ്ട്രേലിയയിലെ പെർത്തിനും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ചിരുന്നു. കുറേ ഭാഗങ്ങൾ കടലിലും വീണു. ഭൗമോപരിതലത്തിന് വെറും 16 കിലോമീറ്റർ മുകളിൽ വച്ചാണ് സ്കൈലാബിന്റെ ഘടകങ്ങൾവേർപിരിഞ്ഞത്. ഇതും നാസയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Could out of control chinese space station tiangong 1 hit a major city kerala also in threat