തിരുവനന്തപുരം: സിഒടി നസീര്‍ വധശ്രമക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തലശ്ശേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഡ്രൈവറായിരുന്നു രാജേഷ്.

ഇതിനിടെ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായാണ് വിവരം. കസ്റ്റഡിയില്‍ വാങ്ങിയ ആസൂത്രകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനും സാധിക്കില്ല. തലശേരി സിഐയും എസ്‌ഐയുമാണ് ചുമതല ഒഴിയുന്നത്. കേസില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം നടക്കവെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്. അന്വേഷണം സുതാര്യമായി നടക്കാനായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സ്ഥലം മാറ്റം. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സി.ഒ.ടി.നസീര്‍ പറഞ്ഞു. ഹൈക്കോടതിയെ അടക്കം സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആക്രമണത്തില്‍ ജയരാജന് പങ്കുണ്ടെന്ന് തോന്നുന്നില്ല: സി.ഒ.ടി നസീര്‍

നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ നസീര്‍ തള്ളിയിരുന്നു. തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമല്ലെന്ന് നസീര്‍ പറഞ്ഞു. താന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പൊലീസ് മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞിരുന്നു. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് അത് അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷവും നിയമസഭയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ സിഐ, എസ്ഐ എന്നിവരെ സ്ഥലം മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് കരുത്തേകും. പി.ജയരാജനെതിരെയും ഷംസീറിനെതിരെയും ശക്തമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവരാനാണ് സാധ്യത.

Read Also: ഐഡിയ സര്‍വര്‍ തകരാര്‍; പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി

വടകരയിൽ സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി.നസീർ സിപിഎം വിമതനാണ്. സിപിഎമ്മിന് നസീറിനോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നാണ് പ്രതിപക്ഷം ആക്രമണത്തിന് പിന്നാലെ ഉന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.