തിരുവനന്തപുരം: അഴിമതി കേസുകളിലെ പ്രമാണിമാർ അതിജീവിക്കുന്നുവെന്ന് വി.എസ്.അച്യുതാനന്ദന്‍. അഴിമതി കേസുകളില്‍ തീര്‍പ്പുണ്ടാകാൻ വൈകുന്നത് അഴിമതിക്ക് വിരുദ്ധ പോരാട്ടങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്‍റ് കൗണ്‍സില്‍ സംഘടിപ്പിച്ച ക്വിറ്റ് കറപ്ഷന്‍ ജനപക്ഷ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, പാമോയിൽ അഴിമതി അടക്കമുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള പാമോയില്‍ കേസ് ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും മാറുകയും മറിയുകയും ചെയ്യുകയാണ്. ബാര്‍കോഴ കേസും ഇഴഞ്ഞു നീങ്ങുകയാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന കോടതിവിധി വന്നിട്ടും ഒന്നുമായില്ല. ഇത് കാണുമ്പോൾ അഴിമതി കേസുകളെ അതിജീവിക്കാനുള്ള കരുത്ത് പ്രമാണിമാര്‍ക്കുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.

അതിരു കവിഞ്ഞ സ്വത്ത് സമ്പാദനവും ആര്‍ഭാട ജീവിതവും നൽകുന്ന പ്രലോഭനമാണ് പലപ്പോഴും അഴിമതിയിലേക്ക് നയിക്കുന്നത്. പലരും ഇതിനെല്ലാം അടിപെടാറുണ്ട്. അതിന്റെ ഫലമാണ് മന്ത്രിമാർ ഉൾപ്പടെയുള്ളവർക്കെതിരായ അഴിമതി കേസുകള്‍. അഴിമതി നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷൻ പോലെ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണം എന്ന ശുപാര്‍ശ സര്‍ക്കാരിന് നൽകാൻ ഭരണപരിഷ്‌കാര കമ്മിഷന്‍ ആലോചിക്കുന്നതായി വിഎസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ