തിരുവനന്തപുരം:​ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്ന് വിജിലൻസിന്റെ റിപ്പോർട്ട്. 10.34 ശതമാനം അഴിമതി തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

മുഖ്യമന്ത്രി പിണറായി വിജയന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കഴിഞ്ഞ മൂന്ന് മാസത്തെ അഴിമതി സൂചികയുള്ളത്. 61 വകുപ്പുകളിൽ നടക്കുന്ന ആകെ അഴിമതിയിൽ പത്ത് ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നത്.

വിജലൻസിന്റെ ഗവേഷണ വിഭാഗത്തിലെ 130 ലധികം പേർ 10770 പേരെ നേരിട്ട് കണ്ടാണ് വിവരശേഖരണം നടത്തിയത്. ഇതിനായി പത്ത് ഗവേഷണ രീതികൾ സംഘം അവലംബിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ അഴിമതി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ പഠനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് വകുപ്പുകളിലെ അഴിമതിയുടെ തോത് ഏതെങ്കിലും സർക്കാർ പഠന വിധേയമാക്കുന്നത്.

9.24 ശതമാനമാണ് റവന്യു വകുപ്പിലെ അഴിമതിയുടെ അളവ്. 5.32 ശതമാനം പൊതുമരാമത്ത് വകുപ്പിലും ആരോഗ്യം – സാമൂഹ്യ ക്ഷേമ വകുപ്പിൽ 4.98 ശതമാനവും അഴിമതിയുണ്ട്. ഗതാഗതം (4.97), പൊതുവിദ്യാഭ്യാസം (4.72), പൊലീസ് (4.66) ജല വിഭവം (3.65), ഭക്ഷ്യ വകുപ്പ് (3.5) എന്നിങ്ങനെയാണ് കണക്കുകൾ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ