തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ആവശ്യപ്പെട്ടു. കേന്ദ്രനേതാക്കള്‍ക്കും കോഴയില്‍ പങ്കെന്ന് ചെന്നിത്തല ആരോപിച്ചു. ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം കള്ള നോട്ടടി വിവാദത്തിന്റെ അനുബന്ധമാണ്. കൊടുങ്ങല്ലൂരില്‍ കള്ളനോട്ടടി യന്ത്രം പിടിച്ചെടുത്ത സംഭവത്തില്‍ ഉള്‍പ്പെട്ടത് പ്രാദേശിക ബിജെപി നേതാക്കളായിരുന്നു. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ ബിജെപി നേതാക്കള്‍ വന്‍ തോതില്‍ അഴിമതി നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ബിജെപി നേതാക്കൾക്കെതിരായ കോഴ ആരോപണം പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ചു. ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍, എം.ബി.രാജേഷ് എന്നിവര്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ലോക്സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് അഴിമതി ആരോപണത്തിൽ സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടിയിട്ടുണ്ട്. മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ബിജെപി നേതാക്കൾ കോടികൾ വാങ്ങിയെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ