തിരുവനന്തപുരം: അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഒരാള്‍ വ്യാപകമായി അഴിമതി നടത്തുമ്പോള്‍ അതേ ഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോ?. എല്ലാ കാലവും അഴിമതി നടത്തി ഇവർക്ക് രക്ഷപ്പെടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാരിൽ എല്ലാവരും അഴിമതിക്കാരല്ല. ഭൂരിപക്ഷവും സത്യസന്ധമായ സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. എന്നാൽ, ഒരു വിഭാഗം തെറ്റായ നടപടികൾ സ്വീകരിക്കുന്നു. അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പാലക്കാട്ടെ കൈക്കൂലി സംഭവം വകുപ്പിനും നാടിനും ദുഷ്‌പേരുണ്ടാക്കി. പാലക്കാട്ട് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിന് സഹായം നൽകിയവർ ഉണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വില്ലേജ് ഓഫിസിലും തദ്ദേശ സ്ഥാപനങ്ങളിലുമാണ് ജനങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത്. ജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കണമെന്നതാണ് സർക്കാർ നിലപാട്. ജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളുടെ വേഗത ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കൂട്ടി. എത്ര കാലം വേണമെങ്കിലും ഫയൽ കെട്ടിക്കിടക്കുന്നൊരു അവസ്ഥയുണ്ടായിരുന്നു. അതിനൊരു മാറ്റത്തിനായി ഫയൽ തീർക്കൽ യജ്ഞം നടത്തി. .ജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കണമെന്നും അതിനുള്ള തുടർ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.