സ്വന്തം നാടുകളിലേക്ക് പോകണമെന്ന് ആവശ്യം ഉന്നയിച്ച് കോട്ടയം ജില്ലയിലെ പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ, അവർക്കിടയിലെ ആശങ്കകൾ അകറ്റാൻ ഹിന്ദിയിലും മറ്റ് ഉത്തരേന്ത്യൻ ഭാഷകളിലും റെക്കോർഡ് ചെയ്ത് ശബ്ദ സന്ദേശങ്ങൾ എത്തിക്കുന്നു. ഡോക്യമെന്ററി ഫിലിം മേക്കറായ തിരുവനന്തപുരം സ്വദേശി ശശികുമാർ വാസുദേവനാണ് ഇതിന് നേതൃത്വം നൽകിയത്.

Read More: പുതിയ കേസുകളില്ലായെങ്കിൽ ഏപ്രിൽ ഏഴിന് സംസ്ഥാനം കൊറോണ വൈറസ് മുക്തമാകും: തെലങ്കാന മുഖ്യമന്ത്രി

അതിഥി തൊഴിലാളികൾക്കായി സർക്കാർ ലഘു ലേഖകളാക്കി വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഉള്ളടക്കമാണ്‌ ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് ശബ്ദ സന്ദേശങ്ങളാക്കി റെക്കോർഡ് ചെയ്തത്. ഹിന്ദി, ഒഡിയ, അസമീസ്, ബംഗ്ല, തമിഴ് എന്നീ ഭാഷകളിലാണ് ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തിരിക്കുന്നത്.

“ഞാൻ ഏറെ വർഷം ഇവർക്കിടയിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ മറുനാട്ടിൽ ജീവിച്ചതുകൊണ്ട് ഇവരുടെ മനശാസ്ത്രം കുറേയൊക്കെ അറിയാം. ഇന്നലെ ടിവിയിൽ പായിപ്പാട്ടെ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ വല്ലാതെ ആശങ്ക തോന്നി. ഇവരിൽ മിക്കവാറും പേർക്ക് എഴുത്തും വായനയും അറിയില്ല. അതുകൊണ്ട് കടലാസിൽ അച്ചടിച്ച് നൽകിയിട്ട് കാര്യമില്ല. അങ്ങനെയാണ് ഇത് വോയ്സ് ക്ലിപ്പാക്കി വാട്സാപ്പ് വഴി പ്രചരിപ്പിക്കാൻ എന്ന ആശയം തോന്നിയത്. ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടുന്ന് പോസിറ്റീവ് മറുപടി ലഭിച്ചപ്പോൾ ഡൽഹിയിലുള്ള സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു. അവർ ഇത് ജെഎൻയുവിലുള്ള വിദ്യാർഥികളുടെ സഹായത്തോടെ ശബ്ദസന്ദേശമാക്കി തന്നു. അരമണിക്കൂർ കൊണ്ടാണ് കാര്യങ്ങൾ നടന്നത്. വാട്സാപ്പ് വഴി എന്തെല്ലാം നമ്മൾ വെറുതേ ഫോർവേഡ് ചെയ്യുന്നു. ഇത് വളരെ ആവശ്യമുള്ള ഒരു കാര്യമായി തോന്നി. നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യുക. പ്രത്യേകിച്ച് ചെലവുള്ള കാര്യമൊന്നും അല്ലല്ലോ,” ശശികുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

സന്ദേശത്തിന്റെ ഉള്ളടക്കം

നിങ്ങൾ മറ്റ് സംസ്ഥാനത്തു നിന്ന് ജോലി തേടി കേരളത്തിൽ വന്ന് താമസിക്കുന്ന തൊഴിലാളിയാണോ. എങ്കിൽ നിങ്ങൾക്കായി കേരള സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ അറിയുക

1. നിങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്ന് വീട്ടുടമസ്ഥൻ ഇറക്കിവിടാൻ ശ്രമിച്ചാൽ അടുത്തുള്ള പഞ്ചായത്ത് / നഗരസഭ / പോലീസ് അധികാരികളെ വിവരമറിയിക്കുക. കോവിഡ് കാലത്ത് നിങ്ങളെ ആർക്കും ഇറക്കിവിടാനാകില്ല.

2. നിങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നതിന് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിൽ നിന്ന് 20 രൂപ നിരക്കിൽ ഭക്ഷണ പൊതി വാങ്ങാവുന്നതാണ്. ഇതിനായി നിങ്ങളുടെ വാർഡ് മെമ്പറുമായി ബന്ധപ്പെടുക.

3. ഭക്ഷണപ്പൊതി വാങ്ങാൻ പണമില്ലാത്തവർക്ക് ആ വിവരം വാർഡ് മെമ്പറെ ബോധ്യപ്പെടുത്തിയാൽ സൗജന്യമായി ഭക്ഷണം/ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതാണ്.

പെരുമ്പാവൂരും പായിപ്പാടും വർക്കലയും കോഴിക്കോടുമുൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ അതിഥി തൊഴിലാളികളുണ്ട്. 35 ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക്, കേരളവും അവിടുത്തെ ജനങ്ങളും തെക്കേ ഏഷ്യയിലെ മികച്ച വേതനം, സമാധാനപരവും സൗഹാർദപരവുമായ സാമൂഹിക അന്തരീക്ഷം, കാര്യക്ഷമമായ ആരോഗ്യ സംവിധാനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം തുടങ്ങിയ ക്ഷേമരാഷ്ട്രത്തിന്റെ സമ്പന്നമായ എല്ലാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം, ഭായിമാർ എന്ന് വിളിക്കപ്പെടുന്ന അതിഥി തൊഴിലാളികൾ കഠിനാധ്വാനികളും അർപ്പണബോധമുള്ളവരും തുറന്നു സംസാരിക്കുന്നവരുമാണ്. ഗൾഫ് കുടിയേറ്റം തൊഴിൽ ക്ഷാമം ഒഴിവാക്കിയ ഒരു സംസ്ഥാനത്ത്, ഇന്ന് കുടിയേറ്റക്കാർ സർവ്വവ്യാപികളാണ്: ഹോട്ടലുകളും പലചരക്ക് കടകളും, തോട്ടങ്ങളും നിർമ്മാണ മേഖലയും, മത്സ്യബന്ധന, കയർ യൂണിറ്റുകൾ തുടങ്ങി എല്ലായിടതത്തും അവരുണ്ട്. അവർ കേരളത്തിന്റെ ഭാഗമായി കഴിഞ്ഞു., കോവിഡ് -19 പോലുള്ള വിപത്തുകൾ ഉണ്ടാകുമ്പോൾ അവർ പലപ്പോഴും പരസ്പരം താങ്ങാവാറുണ്ട്.

ഫൊട്ടോ: നിർമൽ ഹരീന്ദ്രൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.