കണ്ണൂർ: കണ്ണൂരിൽ കോവിഡ് രോഗമുക്തയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന കാസർഗോഡ് സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. രണ്ടു ദിവസം മുമ്പാണ് യുവതിക്ക് കോവിഡ് ഭേദമായത്. യുവതിയുടെ ഭർത്താവിനും കോവിഡ് ബാധ ഭേദമായിരുന്നു. കുഞ്ഞിനും കോവിഡ് പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് കോവിഡ് രോഗവിമുക്തയായ യുവതി പ്രസവിക്കുന്നത്.

Also Read: കാസർഗോഡ് ട്രിപ്പിൾ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഇന്ന് ഉച്ചക്ക് 12.20നായിരുന്നു പ്രസവമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ട്. രാവിലെ 11 മണിയോടെ, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടി സജ്ജീകരിച്ച ഓപ്പറേഷൻ തീയേറ്ററിലേക്ക് യുവതിയെ മാറ്റുകയും സിസേറിയന് വിധേയമാക്കുകയും ചെയ്യുകയായിരുന്നെന്നും അവർ വ്യക്തമാക്കി.അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തെ, കോവിഡ് ബാധിച്ച് യുവതിയും ഭർത്താവും  മെഡിക്കൽ കോളേജിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവ് ഫലം കണ്ടെത്തുകയും ചെയ്തു. കോവിഡ് ഭേദമായെങ്കിലും യുവതി പ്രസവം അടുത്തതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.

നേരത്തേ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ  കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ആൺകുഞ്ഞിനു ജന്മം നൽകിയിരുന്നു.  കോവിഡ് ബാധിച്ച് ഈ മാസം രണ്ടിന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തൊട്ടടുത്ത ദിവസം ആൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു.  യുവതിയുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 10 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. പ്രസവത്തിനായി ഐസൊലേഷൻ വാർഡ് ഓപ്പറേഷൻ തിയേറ്ററാക്കി മാറ്റുകയായിരുന്നു.

നേരത്തേ പെറുവിൽ കോവിഡ് ബാധിതരായ സ്ത്രീകൾ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചിരുന്നു. ലിമയിലെ  ഒരു ആശുപത്രിയിൽ കഴിഞ്ഞ മാസം 27നും 31നുമായിരുന്നു ഇവർ കുഞ്ഞങ്ങൾക്ക് ജന്മം നൽകിയത്.  കുഞ്ഞുങ്ങൾക്ക് ഇതുവരെ കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടില്ലെന്ന് അടുത്തിടെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. രണ്ട് അമ്മമാരും ആരോഗ്യത്തോടെ കഴിയുന്നതായും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുക്കളിലേക്ക് വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതായി കോവിഡ് ബാധ ആദ്യം കണ്ടെത്തിയ ചൈനീസ് നഗരം വുഹാനിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾക്ക് തെളിവില്ലെന്നാണ് ഒരു  വിഭാഗം ഗവേഷകർ പറയുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.