തിരുവനന്തപുരം: കോവിഡ് -19 ഭീഷണിയുടെ പശ്ചാത്തലത്തിൽ നേരത്തേ കാസർഗോഡ് ജില്ലയിൽ നടപ്പാക്കിയ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. റെഡ്സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലെ എല്ലാ കോവിഡ് ഹോട്ട് സ്പോട്ടുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിലുള്ളത്. കോവിഡ് വ്യാപന നിരക്ക് ഏറ്റവും രൂക്ഷമായി ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ റെഡ് സോണുകളാക്കി പ്രഖ്യാപിച്ചത്.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കും. പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ഇവിടെ ശക്തമാക്കും. പൊലീസിന്റെ നിരീക്ഷണവും ശക്തമാക്കും.

Also Read: കോവിഡ് വാര്‍ഡുകള്‍ അണുവിമുക്തമാക്കാന്‍ ‘സാനിറ്റൈസര്‍ കുഞ്ഞപ്പന്‍’ റോബോട്ട്‌

റെഡ് സോണിന് പുറത്തുള്ള ജില്ലകളിലെ ഹോട്ട് സ്പോട്ടുകളിലും  വർധിപ്പിച്ച നിയന്ത്രണങ്ങൾ തുടരും. എല്ലാ ഹോട്ട് സ്പോട്ടുകളിലും പുറത്തിറങ്ങാനും അകത്ത് കടക്കാനുമുള്ള ഓരോ വഴികൾ മാത്രമാണ് തുറക്കുക. മറ്റ് വഴികളെല്ലാം അടയ്ക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

സംസ്ഥാന അതിർത്തിയിൽ നിയന്ത്രണങ്ങൾ ശക്തമാവും

കേരള തമിഴ്നാട് അതിർത്തിയിൽ ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾ ശക്തമാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ 60 മണിക്കൂർ നേരത്തേക്ക് ലോക്ക്ഡൗൺ ശക്തമാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അതിർത്തിയിൽ നിയന്ത്രണങ്ങൾ ശക്തമാവുക. അതിർത്തിയിൽ പരിശോധന വർധിപ്പിക്കും. തമിഴ്നാട്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശാരീരിക അകലം: വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകും

നേരത്തേ ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശാരീരിക അകല നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ഇതിനായി വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ശമ്പളം പിടിക്കുന്നില്ല, മാറ്റിവയ്ക്കുന്നത്, തിരിച്ചുനല്‍കും: തോമസ് ഐസക്

ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത്, മുനിസിപ്പൽ, ഗ്രാമ മേഖലകളിലെ കടകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നതിനുള്ള ഇളവാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത്  ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ കടകൾ തുറക്കുന്ന സ്ഥിതി വിശേഷമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർണമായി വൃത്തിയാക്കിയ ശേഷം മാത്രം കടകൾ തുറക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമയമെടുത്ത് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണം. ആവശ്യമായ ക്രമീകരണങ്ങളോട് കൂടിയ ഉത്തരവ് ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റേതായി പുറത്ത് വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതായി ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി  അറിയിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു.

Also Read: ആ ഒന്‍പതാം ക്ലാസുകാരനെ കണ്ടുപഠിക്കൂ; അധ്യാപകരോട് മുഖ്യമന്ത്രി

457 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  ഇപ്പോൾ 116 പേർ ചികിത്സയിലുണ്ട്. 21,044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.