കാസര്‍ഗോഡ്: ആദ്യം ഉപദേശിക്കും അനുസരിക്കാത്തവരെ ശാസിക്കും എന്നിട്ടും രക്ഷയില്ലെങ്കില്‍… ‘പാഠം പഠിപ്പിക്കും’. സ്‌കൂളില്ലാ കാലത്ത് ‘മുതിര്‍ന്നവരെ’ കോവിഡ് 19 പ്രതിരോധ പാഠങ്ങള്‍ പഠിപ്പിക്കാന്‍  തയാറെടുക്കുകയാണ് കാസര്‍ഗോട്ടെ അധ്യാപകര്‍. വേണ്ടിവന്നാല്‍ അറസ്റ്റിനും മടിക്കില്ല.

ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘മാഷ്’ എന്ന് പേരിട്ടിരിക്കുന്ന കോവിഡ് നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് അധ്യാപകര്‍ നിയമലംഘകരെ കണ്ടെത്താന്‍ ഇറങ്ങുന്നത്. കൈകള്‍ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ കാര്യങ്ങള്‍  ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെ വാര്‍ഡുകള്‍ തോറും നിയോഗിക്കും. അധ്യാപകര്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ബോധവല്‍ക്കരണം നല്‍കും.

Also Read: കൊറോണ പ്രതിരോധം; പ്രതിപക്ഷം കാലുവച്ച് വീഴ്ത്താന്‍ നോക്കുന്നു: ആരോഗ്യമന്ത്രി കെ.കെ.ശൈലജ

നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അത് അനുസരിക്കാത്തവരെ ശാസിച്ചും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചുമാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുക. നിയമം ലംഘിക്കുന്നവരെ ക്രിമിനല്‍ നടപടി ചട്ട പ്രകാരം അറസ്റ്റ് ചെയ്യുന്നതടക്കമുള്ള അധികാരം അധ്യാപകര്‍ക്കു നല്‍കാന്‍ ആലോചിക്കുന്നതായി കലക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണു കോവിഡ് നിര്‍വ്യാപന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരുടെ സേവനം ഉപയോഗിക്കുന്നത്.

കലക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെവി പുഷ്പയുടെ മേല്‍നോട്ടത്തിലാണ് അധ്യാപകര്‍ കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണു ലക്ഷ്യമെന്നു കലക്ടര്‍ പറഞ്ഞു.

Also Read: ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

ബ്രേക്ക് ദി ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും അധ്യാപകര്‍ ശേഖരിക്കും. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്  85906 84023 എന്ന വാട്‌സാപ്പ് നമ്പറില്‍ അയച്ചുകൊടുക്കും. മാഷ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അധ്യപകരുടെയും മൊബൈല്‍ നമ്പര്‍ ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില കടകളിലും പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം  പാലിക്കാതെയും ആളുകള്‍ കൂട്ടം കൂടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.