കൊച്ചി: ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തും 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധന ആവശ്യങ്ങൾക്കുപോലും ആളുകൾ ഒത്തുകൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങളും വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന നിർദേശവുമായി സീറോ മലബാർ സഭ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും അതുവഴി മറ്റുള്ളവരുടെയും തങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക്ഡൗണിന്റെയും സംസ്ഥാന സര്‍ക്കാരും ജില്ലാഭരണകൂടങ്ങളും നിയമപാലകരും നല്‍കുന്ന നിർദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരാചരണം പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് കർദിനാൾ സർക്കുലറിൽ പറയുന്നു.

Also Read: ‘വെെറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര അത് ചെയ്തേക്കാം’; കഷ്ടതകൾ വിശദീകരിച്ച് തൊഴിലാളികൾ

പിതാക്കന്മാര്‍ കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും അവശ്യംവേണ്ട ശുശ്രൂഷകരുടെ മാത്രം പങ്കാളിത്തത്തോടെയാണ് തിരുക്കര്‍മങ്ങള്‍ നടത്തേണ്ടത്. ശുശ്രൂഷകർ അഞ്ചിൽ കൂടരുതെന്നും വ്യക്തമാക്കുന്നു. വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യണം.

വിശുദ്ധവാരത്തിലെ പ്രധാന ദിവസങ്ങളിലൊന്നായ ഓശാന ഞായറാഴ്ച വൈദികന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അന്നത്തെ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ ലഭ്യമെങ്കില്‍ ആശീര്‍വ്വദിച്ചാല്‍ മതിയാകുമെന്നും അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം നടത്തേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു.

പെസഹ വ്യാഴാഴ്ച അപ്പംമുറിക്കൽ ശുശ്രൂഷകൾ ഭവനങ്ങളിലായി മാത്രം പരിമിതപ്പെടുത്തണം. ദുഃഖവെള്ളിയാഴ്ച പുറത്തേക്കുള്ള കുരിശിന്റെ വഴി പാടില്ലായെന്നും കർദിനാൾ വ്യക്തമാക്കി. ഈ ദിവസത്തെ തിരുക്കർമ്മങ്ങൾ ആവശ്യമെങ്കിൽ കുരിശിന്റെ പുകഴ്ചയുടെ തിരുന്നാൾ ദിവസമായ സെപ്റ്റംബർ 14ന് നടത്താം. വലിയ ശനിയാഴ്ച ജനങ്ങൾക്ക് നൽകാൻ വെള്ളം വെഞ്ചിരിക്കേണ്ടതില്ലെന്നും ഉയിർപ്പുതിരുന്നാളിന് രാത്രി കർമ്മങ്ങൾ വേണ്ടെന്നുമാണ് നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.