കോഴിക്കോട്: അകത്തും പുറത്തും ഒരു കൊടുങ്കാറ്റ് ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണു മുഹമ്മദ് ഫറാസ്. കോവിഡ്-19 നല്കിയ 25 ദിവസത്തെ ആശുപത്രിവാസത്തിനൊടുവില്‍ രോഗം ഭേദമായി കാസര്‍ഗോഡ് കളനാട് അയ്യങ്കോലിലെ വീട്ടില്‍ തിരിച്ചെത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. തന്നെയും കുടുംബത്തെയും വൈറസില്‍നിന്ന് രക്ഷിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും നന്ദിയോടെ ഓര്‍ക്കുന്ന ഫറാസ് ‘ആ ദിനങ്ങളിലെ’ ചിലരുടെ അപവാദപ്രചാരണങ്ങള്‍ മാനസികമായി തകര്‍ത്തിരുന്നതായും പറയുന്നു.
രോഗവിവരം മറച്ചുവച്ചുവെന്നതായിരുന്നു ഫറാസിനെതിരായ പ്രചാരണം. കുടുംബ ഫോട്ടോയില്‍ തന്റെ ചിത്രം പ്രത്യേകം അടയാളപ്പെടുത്തി, കുടുംബത്തെ വ്യക്തമാക്കുന്ന തരത്തിലായിരുന്നു വാട്സാപ്പില്‍ ഉള്‍പ്പെടെയുള്ള പ്രചാരണമെന്നു മുപ്പത്തിയൊന്നുകാരനായ ഫറാസ് പറയുന്നു.
”ആശുപത്രിവാസത്തിന്റെ ആദ്യ നാളുകളില്‍ ഈ വ്യാജപ്രചാരണം വല്ലാതെ തളര്‍ത്തി. രോഗത്തോട് പൊരുതുമ്പോഴും തനിക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നതു ഫോണിലൂടെ സുഹൃത്തുക്കളും മറ്റു അറിയിച്ചിരുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണം വിശ്വസിച്ചു. പലര്‍ക്കും പിന്നീട് കാര്യം മനസിലായി. ഈ സമയത്തൊക്കെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് അധികൃതരും സുഹൃത്തുക്കളും ഒപ്പം നിന്നതാണു പിടിച്ചുനില്ക്കാന് സഹായിച്ചത്,” ഫറാസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: കോവിഡ്-19: ഡോക്ടറുടെ മുഖത്ത് തുപ്പി; രോഗിക്കെതിരെ വധശ്രമത്തിന് കേസ്
”ദുബായില്‍നിന്നു വന്ന കാര്യം മറച്ചുവച്ചിട്ടില്ല. എല്ലാ വിവരങ്ങളും അധികൃതരെ അറിയിച്ചിരുന്നു. പനിയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്, മംഗലാപുരത്ത് വിമാനമിറങ്ങി നേരെ പോയത് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിേലക്കാണ്. എന്നാല്‍ പനി ഇല്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഗള്‍ഫില്‍നിന്നു വന്നതാണെന്നു പറഞ്ഞപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പോയി സ്രവം നല്കാന് നിര്‍ദേശിച്ചു. സ്രവം നല്കിയ ശേഷം ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരമാണു വീട്ടിലേക്കു പോയത്. പരിശോധനാ ഫലം പിന്നീട് ലഭിച്ചതോടെയാണു വൈറസ് ബാധ മനസിലായത്,” ഫറാസ് പറഞ്ഞു. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതു ഫറാസിനെ വേദനിപ്പിക്കുന്നു.
കൊറോണ വൈറസ് കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ സ്ഥിരീകരിച്ചതിലെ കാസര്‍ഗോട്ടെ ആദ്യ രോഗിയാണു മുഹമ്മദ് ഫറാസ്. ഈ മാസം പത്തിനാണു രോഗം ഭേദമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഫറാസുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്ന് ഉമ്മയും ഭാര്യയും രണ്ടു വയസുള്ള മകളും ഉള്‍പ്പെടെയുള്ള 20 ബന്ധുക്കള്‍ക്കാണു രോഗം പിടിപെട്ടത്. ഇവരില്‍ മിക്കവരും ഡിസ്ചാര്‍ജായി സ്വന്തം വീടുകളിലെത്തിക്കഴിഞ്ഞു. ഇവരില്‍ ചിലര്‍ കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും മറ്റു ചിലര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിഞ്ഞിരുന്നത്. ഫറാസിന്റെ പിതൃസഹോദരിയും ഭര്‍ത്താവും ഭാര്യയുടെ പിതാവും ഇപ്പോഴും കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉമ്മയുടെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് മാര്‍ച്ച് 14നു പുലര്‍ച്ചെയാണു ഫറാസ് രണ്ടുദിവസത്തെ അവധിക്ക് ദുബായില്‍നിന്ന് എത്തുന്നത്. ഫറാസിനൊപ്പം മാതൃസഹോദരിയുടെ ഭര്‍ത്താവും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍നിന്ന് ഇവരെ കൂട്ടാന്‍ മാതൃസഹോദരിയുടെ രണ്ടു മക്കളാണു കാറുമായെത്തിയത്. നേരിട്ട് ഇടപഴകിയ ഇവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ല. അതേസമയം യുവാവ് നേരിട്ട് ഇടപഴകാത്ത മറ്റു ബന്ധുക്കള്‍ക്കാണു രോഗം ബാധിച്ചത്. ഇത് തന്നിലൂടെ രോഗം ബാധിച്ച ഭാര്യയില്‍നിന്നും ഉമ്മയില്നിന്നുമാവാമെന്ന് ഫറാസ് പറഞ്ഞു.
”ഗര്‍ഭിണിയായ ഭാര്യയും രണ്ടു വയസുള്ള കുട്ടിയുമുള്ള വീട്ടിലേക്കാണു ഞാന്‍ പോയത്. രോഗമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ. മരണവീട്ടില്‍ മാത്രമാണു പോയത്. മാര്‍ച്ച് 13നായിരുന്നു ഉമ്മയുടെ പിതാവിന്റെ മരണം. അന്നു തന്നെ ഖബറടക്കം നടന്നു. പിറ്റേദിവസം പ്രാര്‍ഥനാ ചടങ്ങിലാണ് ഞാന്‍ എത്തിയത്. ഈ സമയത്ത് വളരെ കുറച്ച് ബന്ധുക്കള്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ചടങ്ങ് കഴിഞ്ഞ് പെട്ടെന്നു തിരിച്ചെത്തി രണ്ടുദിവസം വീട്ടില്‍ തന്നെ കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചുവെന്നു പറഞ്ഞ് ആരോഗ്യവകുപ്പില്‍നിന്ന് വിളിയെത്തിയതോടെ പ്രത്യേക ആംബുലന്‍സില്‍ പോയി ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. അല്ലാതെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കുകയോ മറ്റിടങ്ങളില്‍ പോകുകയോ ചെയ്തിട്ടില്ല,” ഫറാസ് പറഞ്ഞു.
കൊറോണക്കാലത്തെ അനുഭവത്തെക്കുറിച്ച് അറിയാന്‍ മുഹമ്മദ് ഫറാസുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പൊലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയിരുന്നു. നിരീക്ഷണത്തിന്റെ ഭാഗമായി ഡ്രോണ്‍ ക്യാമറ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണു പൊലീസ് സംഘം എത്തിയത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് ഇരുനില വീട്ടിലെ പല മുറികളിലായി കഴിയുകയാണു ഫറാസും കുടുംബവും. ഇവരെയെല്ലാം അതതു നിലകളിലെ മുറികളില്‍നിന്ന് പുറത്തിറക്കി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വീഡിയോയില്‍ പകര്ത്തിയശേഷമാണു പൊലീസ് മടങ്ങിയതെന്നു ഫറാസ് പറഞ്ഞു. കോവിഡ്-19 രോഗികള്‍ ഏറ്റവും കൂടുതലുള്ള കളനാട് ഉള്‍പ്പെടെയുള്ള കാസര്‍ഗോട്ടെ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണമാണു പൊലീസ് നടത്തുന്നത്.
അത്ര കടുത്തതല്ലാത്ത ചുമയും തൊണ്ട വരള്‍ച്ചയും മാത്രമായിരുന്നു ഫറാസിലെ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് മറ്റു ബുദ്ധിമുട്ടുകളൊന്നും ശരീരത്തിലുണ്ടാക്കിയിട്ടില്ലെന്നു യുവാവ് പറഞ്ഞു.
”ആശുപത്രിയില്‍ മികച്ച ചികിത്സയും ശുശ്രൂഷയുമായിരുന്നു. ഡോക്ടര്‍മാര്‍ ശരീരത്തിലെ മുഴുവന്‍ അവയങ്ങളുടെയും വിശദമായ പരിശോധന നടത്തിയാണു ചികിത്സിച്ചത്. വുഹാനില്‍നിന്ന് വൈറസ് ബാധിച്ച് എത്തിയ വിദ്യാര്ഥിക്കുശേഷമുള്ള ജില്ലാ ആശുപത്രിയിലെ ആദ്യ രോഗിയായിരുന്നു ഞാന്‍. വിദ്യാര്‍ഥിയുടെ രോഗം ഭേദമാക്കിയ അനുഭവ സമ്പത്തുളളവരായിരുന്നു ഡോക്ടര്‍മാര്‍ എന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമേയുണ്ടായിരുന്നില്ല. അപവാദപ്രചാരണത്തില്‍ മനസ് പതറിയപ്പോള്‍ സൈക്കോളജിസ്റ്റ് അപര്‍ണ മാഡം ഉള്‍പ്പെടെയുള്ളവര്‍ ആശ്വാസവാക്കുകളുമായി കൂടെനിന്നു. ആശുപത്രിയില്‍ മികച്ച പരിചരണവും ഇഷ്ടഭക്ഷണങ്ങളും ലഭിച്ചു. അടുത്ത ടെസ്റ്റിനായി 19ന് ആശുപത്രിയില്‍ പോകണം,” ഫറാസ് പറഞ്ഞു.
”ആരോഗ്യരംഗത്ത് ഇത്രയും അറിവും അനുഭവസമ്പത്തുമുള്ള സ്ഥലം ലോകത്തുവച്ച് തന്നെ കേരളം മാത്രമാണ്. ഇറ്റലിയില്‍നിന്നു വന്ന അപ്പൂപ്പനെയും അമ്മൂമ്മയെും വരെ വൈറസിന്റെ പിടിയില്‍നിന്ന് നാം രക്ഷിച്ചു. നിപയെ നേരിട്ട ആരോഗ്യവകുപ്പിന്റെ അനുഭവ സമ്പത്ത് കൊറോണയെ കീഴടക്കുന്നതില്‍ നിര്‍ണായകമായി. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും വലിയ പങ്കാണ് വൈറസ് അധികം വ്യാപിക്കാതെ പിടിച്ചുനിര്‍ത്തുന്നത്. ഇവര്‍ക്ക് ആദ്യമായി നന്ദിപറയുന്നു. ഇതിനൊക്കെ മുന്നില്‍നിന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വപരമായ പങ്ക് എടുത്തുപറയണം. ഈ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കിട്ടിയതില്‍ കേരളം അഭിമാനിക്കണം,” ഫറാസ് പറഞ്ഞു.
ദുബായ് ദേര നയ്ഫിലെ സൂക്കിലെ പെര്‍ഫ്യൂം ഷോപ്പ് ജീവനക്കാരനാണു മുഹമ്മദ് ഫറാസ്. തനിക്കെങ്ങനെയാണു രോഗം പിടിപെട്ടതിനെക്കുറിച്ച് ഫറാസിന് ഊഹമൊന്നുമില്ല. തനിക്കു രോഗം പിടിപെട്ടത് ഫറാസ് ദുബായിലെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതോടെ ഷോപ്പിലെ മറ്റു രണ്ടു ജീവനക്കാരെയും ഒപ്പം താമസിക്കുന്ന 14 പേരെയും അവിടെ ഹോം ക്വാറന്റൈനിലാക്കിയിരുന്നതായും എന്നാല്‍ ഇവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്നും ഫറാസ് പറഞ്ഞു.
രോഗം വ്യാപകമാകുന്ന ദുബായില്‍ കളനാട് സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ഭക്ഷണം പോലും കിട്ടാതെ ദുരിതത്തിലാണ്. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയ്ക്കണമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നുമാണു കഴിഞ്ഞ പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ പ്രയത്നിച്ചവരില്‍ നൂറുകണക്കിനു പ്രവാസികളില്‍ ഒരാളായ ഫറാസിന്റെ അഭ്യര്‍ഥന. ഇക്കാര്യത്തില്‍, പ്രവാസികള്‍ നാടിന്റെ നെടുംതൂണാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും ഫറാസ് പറഞ്ഞു.
ഈ പരീക്ഷണകാലം കഴിഞ്ഞാല്‍ ദുബായിലേക്കു തിരിച്ചുപോകുന്നുണ്ടോയെന്ന ചോദ്യത്തിന് ‘ഇന്‍ശാ അള്ളാ’ എന്നായിരുന്നു 12 വര്‍ഷമായി പ്രവാസിയായ ഫറാസിന്റെ മറുപടി. തന്നെ രക്ഷിച്ച കേരളത്തിനൊപ്പം ഇനിയും ഏതു പ്രതിസന്ധിയിലും കൂടയുണ്ടാകുമെന്നും കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിച്ച മുഹമ്മദ് ഫറാസ് പറഞ്ഞു.