തിരുവനന്തപുരം: സംസ്ഥാന അതിർത്തിയിലെ കോവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കർണാടകയിലേക്ക് പോവാൻ കഴിയാത്ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ രോഗികൾക്ക് കേരളത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിലേക്ക് പോകാൻ കഴിയാതെ ഇന്ന് കാസർഗോഡ് ഒരു രോഗി കൂടി മരിച്ചു. അത്തരം സാഹചര്യം ഇനി ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ തന്നെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും. ഇക്കാര്യത്തിൽ ആവശ്യമാണെങ്കിൽ ആകാശമാർഗവും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: Explained: ഒരാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം എത്രയാകും

സംസ്ഥാനത്ത് കോവിഡ് പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയതായി നാല് പരിശോധന ലാബുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14 ജില്ലകൾക്കും ഓരോ ലാബ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.

Posted by Pinarayi Vijayan on Thursday, 9 April 2020

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) ചികിത്സയ്ക്കെത്താൻ ബുദ്ധിമുട്ടുന്ന രോഗികൾ വിവിധ ജില്ലകളിലുണ്ട്. ഇതിന് പരിഹാരമായി രോഗികളുള്ള പ്രദേശങ്ങളിൽ തന്നെ ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതി ആർസിസിയും ആരോഗ്യവകുപ്പും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തുടർ പരിശോധനയും മരുന്നും സ്വാന്തന ചികിത്സയും പ്രാദേശിക ആശുപത്രികളിൽ ഉറപ്പാക്കും. ഇത്തരം ആശുപത്രികളുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

N-95 മാസ്ക് രോഗിക്കും പരിചരിക്കുന്നവർക്കും മാത്രം

സംസ്ഥാനത്ത് മാസ്ക് ഉപയോഗം വർധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി N-95 മാസ്ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കും മാത്രം മതിയെന്നും വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സാധാരണ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“മാസ്ക് ഉപയോഗം വ്യാപിപ്പിക്കുമ്പോള്‍ ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എന്‍ 95 മാസ്ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കുമാണ് വേണ്ടത്. പൊതുജനങ്ങള്‍ സാധാരണ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിച്ചാല്‍ മതി. കഴുകി വീണ്ടും പുനരുപയോഗിക്കാന്‍ കഴിയുന്നതാവണം ഇത്.”- മുഖ്യമന്ത്രി പറഞ്ഞു

Also Read: കോവിഡ്-19: ഇന്നത്തെ 11 കേസുകളും സമ്പർക്കം വഴി, ഗൗരവം കുറച്ചുകാണരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ 7.5 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 20നു താഴെയുള്ളവര്‍ 6.9 ശതമാനമാണ്. സംസ്ഥാനത്ത് 1,36,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 11,469 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

രക്തദാനത്തിന് തയ്യാറാകാണമെന്ന അഭ്യര്‍ത്ഥന സമൂഹം വലിയ നിലയിലാണ് സ്വീകരിച്ചത്. ഇന്ന് 1023 പേര്‍ക്ക് രക്തം നല്‍കാന്‍ കഴിഞ്ഞു. 4596 ഫയര്‍ ആന്‍റ് റെസ്ക്യു, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്തദാനത്തിന് സന്നദ്ധരായുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.