തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട് പുകമറ സൃഷ്‌ടിച്ച് സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മനുഷ്യജീവൻ സംരക്ഷിക്കുന്നതിനേക്കാൾ പ്രതിപക്ഷം പ്രധാന്യം നൽകുന്നത് സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Read Also: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് മത്സരം; ബിജെപി നേതാവടക്കം 20 പേർക്കെതിരെ കേസ്

അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടിയെന്നോണമാണ് സർക്കാർ സ്‌പ്രിൻക്ലർ സേവനം പ്രയോജനപ്പെടുത്തിയത്. അങ്ങനെ തീരുമാനിച്ചപ്പോൾ തന്നെ വ്യക്തികളുടെ സ്വകാര്യതയ്‌ക്ക് പ്രാധാന്യം നൽകിയിരുന്നു. ഹൈക്കോടതിയിൽ കൃത്യമായി വിശദീകരണം നൽകാൻ സർക്കാരിനു സാധിക്കും. സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ സർക്കാരിനു പൂർണ പിന്തുണ നൽകുന്നു. കോവിഡ് പ്രതിസന്ധി മറികടന്ന് സാഹചര്യങ്ങൾ സാധാരണ നിലയിലായാൽ സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തതായി കോടിയേരി പറഞ്ഞു.

അതേസമയം, സ്‌പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തി. എന്ത് ചോദിച്ചാലും കോവിഡ് ന്യായം പറ‍ഞ്ഞ് ഒഴിഞ്ഞു മാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സിപിഎം വിഭാഗീയത ഉയർത്തി രക്തസാക്ഷി പരിവേഷം നേടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ലാവ്‍ലിൻ ബാധയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ഇതാദ്യമല്ല. അതിനെ ഗൂഢാലോചന സിദ്ധാന്തം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?. ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഉൾപാർട്ടി പ്രശ്നം ഉയർത്തുന്നത് നാണംകെട്ട പ്രവൃത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്‌പ്രിൻക്ലർ: ബിജെപിയിൽ ഭിന്നത, രമേശിനെ തള്ളി സുരേന്ദ്രൻ

സ്‌പ്രിൻക്ലർ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. മുന്‍ കേന്ദ്ര ഐടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. സ്‌പ്രിൻക്ലർ ഇടപാടിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രണ്ടംഗ സമിതി പരിശോധിക്കും. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നാണ് നിർദേശം. ഭാവിയിലേക്ക് ആവശ്യമായ നിർദേശങ്ങളും സമിതി നൽകും. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.